ദുബായ്: സെറ്റ് ഫ്ലൈ ഏവിയേഷന്റെ നേതൃത്വത്തിൽ തുടങ്ങുന്ന പുതിയ എയർലൈനായ എയർ കേരളയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (CEO) ആയി ഹരീഷ് കുട്ടിയെ നിയമിച്ചു. സെറ്റ് ഫ്ലൈ എവിയേഷൻ വക്താക്കൾ ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തലാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത വർഷം ആദ്യപാദത്തിൽ മൂന്ന് വിമാനങ്ങൾ ഉപയോഗിച്ച് ഡൊമസ്റ്റിക് സർവീസ് ആരംഭിക്കുകയാണ് ലക്ഷ്യം. തുടർന്ന് രാജ്യാന്തര സർവീസും ആരംഭിക്കും. ഹരീഷ് സ്പൈസ് ജെറ്റിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായും വതാനിയ എയർവേയ്‌സിൽ കൊമേഴ്‌സ്യൽ ഡയറക്ടറായും റാക് എയർവേയ്‌സിൽ കൊമേഴ്‌സ്യൽ വൈസ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സലാം എയറിൽ റവന്യൂ & നെറ്റ്‌വർക്ക് പ്ലാനിംഗ് ഡയറക്റ്ററായി സേവനമനുഷ്ഠിച്ച അദ്ദേഹം, കൊവിഡ് വെല്ലുവിളികൾക്കിടയിലും എയർലൈനിന്റെ ലാഭം വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. എയർ അറേബ്യ, വതാനിയ എയർവേയ്‌സ് എന്നിവയുടെ സ്റ്റാർട്ടപ്പ് ടീമുകളിൽ നിർണായക പങ്കാളിയായിരുന്നു. സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാൻ അഫി അഹ്‌മദ് , വൈസ് ചെയർമാൻ അയൂബ് കല്ലട തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു