കൊൽക്കത്ത; ആർജി കാർ മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പ്രിൻസിപ്പിൽ ഡോ.സന്ദീപ് ഘോഷ് അഴിമതിയുടെ വലിയൊരു കണ്ണിയുടെ ഭാഗമാണെന്നും വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെയെല്ലാം കണ്ടെത്തേണ്ടതുണ്ടെന്നും സിബിഐ. കഴിഞ്ഞ ദിവസം സന്ദീപ് ഘോഷിന്റെ കേസ് പരിഗണിച്ച പ്രത്യേക കോടതിയെ ആണ് സിബിഐ ഇക്കാര്യം അറിയിച്ചത്. ഈ മാസം 10 വരെ സന്ദീപിനെ സിബിഐ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
സന്ദീപ് ഷോഘ്, ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥൻ അഫ്‌സർ അലി ഖാൻ(44), ഹൗറയിലെ മെഡിക്കൽ ഷോപ്പ് ഉടമ സുമൻ ഹസ്ര(46), മാ താര ട്രേഡേഴ്സ് ഉടമ ബിപ്ലബ് സിൻഹ(52) ഉൾപ്പെടെ നാല് പേരെ തിങ്കളാഴ്ചയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നാല് പേർക്കും അഴിമതിയിൽ പങ്കുണ്ടെന്നും, മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും സിബിഐ അഭിഭാഷകൻ രാംബാബു കനോജിയ കോടതിയെ അറിയിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ മുഴുവൻ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുതരസ്വഭാവമുള്ള കുറ്റകൃത്യമാണെന്നും അതിന്റെ വ്യാപ്തി വളരെ വലുതാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി സന്ദീപ് ഘോഷിനെ കസ്റ്റഡിയിൽ വിട്ടത്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് കനോജിയ കോടതിയെ അറിയിച്ചിട്ടുണ്ട്. സന്ദീപ് ഘോഷ് ഒഴികെയുള്ള മൂന്ന് പേരും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് തള്ളി.
അതേസമയം കോടതിയിലെത്തിച്ച സന്ദീപ് ഘോഷിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയർന്നത്. കോടതിയിലേക്കുള്ള വഴികളിലും, കോടതിക്ക് പുറത്തുമായി നൂറുകണക്കിന് ആളുകളാണ് ഇയാൾക്കെതിരെ മുദ്രാവാക്യം മുഴക്കി തടിച്ചുകൂടിയത്. വലിയ സംഘം സിആർപിഎഫ് ഉദ്യോഗസ്ഥരും സന്ദീപ് ഘോഷിന് സുരക്ഷ ഒരുക്കാനായി എത്തിയിരുന്നു. കോടതിക്ക് അകത്ത് വച്ചും ഒരു സംഘം വനിതാ അഭിഭാഷകർ ഇയാളെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വലിയ അഴിമതിയുടെ കഥകളാണ് പുറത്ത് വരാനിരിക്കുന്നതെന്നും, എല്ലാ കുറ്റക്കാരേയും കണ്ടെത്തി നീതി ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.