തൃശൂർ: പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം. തൃശൂർ പുതിമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിലാണ് സംഭവം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ഇനാമുൾ ഇസ്ലാമും ബംഗാൾ സ്വദേശി റൂബൽ ഖാനുമാണ് അറസ്റ്റിലായത്. ക്ഷേത്രത്തിന് മുൻപിലെ ദീപസ്തംഭം മുറിച്ചു കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ആദ്യം ഓടി രക്ഷപ്പെട്ട പ്രതികളിലൊരാൾ പിന്നെയും ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. മുച്ചക്ര സൈക്കിളിൽ ക്ഷേത്ര പരിസരത്തെത്തെത്തിയ പ്രതികളിൽ ഒരാൾ ഓടിന്റെ ദീപസ്തംഭം ഭാഗങ്ങളായി ചാക്കിലാക്കി കടത്താൻ ശ്രമിച്ചു. ക്ഷേത്രത്തിൽ ജോലികൾ നടക്കുന്നതിനാൽ തൊഴിലാളിയാണെന്ന് കരുതി ആദ്യമാരും സംശയിച്ചില്ല. എന്നാൽ സംശയം തോന്നിയ പരിസരവാസിയായ യുവാവാണ് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞ് നാട്ടുകാരെ അറിയിച്ചത്.
ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് ഇയാൾ വീണ്ടും ക്ഷേത്ര പരിസരത്തെത്തിയത്. പിന്നാല പരിസരവാസികൾ ഇയാളെ സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂട്ടുപ്രതിയും അറസ്റ്റിലായത്.















