ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയുമായി ബന്ധപ്പെട്ട വലിയ ചർച്ചകളാണ് നടക്കുന്നത്. മിക്കതും താര സംഘടനയായ ‘അമ്മ’യെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. മലയാള സിനിമ മേഖലയിൽ ഒരുപാട് സംഘടനകൾ ഉണ്ടെങ്കിലും ഉത്തരം പറയേണ്ടത് ‘അമ്മ’യാണ് എന്ന നിലയിൽ പലപ്പോഴും ചർച്ചകൾ വഴിമാറുന്നു. എന്നാൽ അമ്മയിൽ മാത്രമാണോ പുഴുക്കുത്തുകൾ ഉള്ളതെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ചിലർ ഉന്നയിക്കുന്നത്. എല്ലാ കാര്യത്തിലും wcc എന്ന സംഘടനയെ വെള്ള പൂശേണ്ട എന്നും അതിൽ പ്രവർത്തിക്കുന്ന, പുരോഗമനം പറയുന്ന പല പ്രമുഖ നായികമാരുടെയും യഥാർത്ഥ സ്വഭാവം സ്ത്രീവിരുദ്ധമാണെന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്.
സംവിധായകൻ രഞ്ജിത്ത് തന്റെ നഗ്ന ഫോട്ടോകൾ നടി രേവതിക്ക് അയച്ചു നൽകിയെന്ന യുവാവിന്റെ പ്രതികരണവും റിമ കല്ലിങ്കൽ ലഹരി പാർട്ടി നടത്തുന്നുവെന്ന ഗായിക സുചിത്രയുടെ വെളിപ്പെടുത്തലും ഡബ്ല്യുസിസിയെ ആടി ഉലച്ചിട്ടുണ്ട്. ഈ സംഭവങ്ങളിൽ പ്രതികരിക്കാൻ ഇതുവരെയും സംഘടന തയ്യാറായിട്ടില്ല. കൂട്ടത്തിലുള്ളവരെ സംരക്ഷിക്കാൻ വേണ്ടി പ്രതികരിക്കാൻ നിന്നാൽ സംഘടനയ്‌ക്കുള്ളിലെ പലരുടെയും രഹസ്യങ്ങൾ പുറത്തുവരുമെന്ന ഭയമാണോ ഡബ്ല്യുസിസിക്കെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാനില്ല. ഇതിന് മുൻപും ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട് ഒരു വലിയ ആരോപണം ചലച്ചിത്ര മേഖലയിൽ തന്നെ ഉയർന്നു കേട്ടിരുന്നു. എന്നാൽ അതിന്റെ വിശദാംശങ്ങൾ ആരും തന്നെ എന്തുകൊണ്ടോ പുറത്തുവിട്ടില്ല! ഇപ്പോൾ അതും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ അനുവാദം ചോദിച്ച ജൂനിയർ ആർട്ടിസ്റ്റായ നടിയെ ഇറക്കിവിട്ട ഡബ്ല്യുസിസിയിലെ പ്രമുഖ നായിക ആരെന്ന് വെളിപ്പെടുത്തണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആവശ്യം. ഇതിനെപ്പറ്റി ചലച്ചിത്ര രംഗത്തെ പല പ്രമുഖരും പ്രതികരിച്ചിരുന്നു. സംവിധായകനായ അഖിൽ മാരാർ, നിർമ്മാതാവായ സാന്ദ്ര തോമസ്, ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ ഡബ്ല്യുസിസിയിലെ പ്രമുഖ നടിയുടെ ഭാഗത്തു നിന്നുണ്ടായ ഈ സ്ത്രീവിരുദ്ധ സമീപനം തുറന്നു കാട്ടിയിരുന്നു.
ചലച്ചിത്രരംഗത്ത് ഏറെ ചർച്ചാവിഷയമായ സംഭവം. എന്നാൽ നടിയുടെ പേര് പുറത്തുവന്നിട്ടില്ല. അമ്മ പോലുള്ള സംഘടനയിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതെങ്കിൽ ആ പേര് പുറത്തുവന്നേനെ, പക്ഷേ ഇവിടെ പ്രതിസ്ഥാനത്ത് പുരോഗമനം പറയുന്ന, സ്ത്രീപക്ഷ നിലപാട് പറയുന്ന ഡബ്ല്യുസിസിയാണ്. അതുകൊണ്ടാണ് ആ പ്രമുഖ താരത്തിന്റെ പേര് പുറത്തുവരാത്തതെന്നാണ് വിമർശനം.















