അഗ്നിശമന സേനാംഗങ്ങളുമായി ശൃംഗരിക്കുന്നതിന് വേണ്ടി കാട്ടുതീയുണ്ടാക്കിയ ഗ്രീക്ക് വനിതയെ പിടികൂടി പൊലീസ്. 100 യൂറോ പിഴയും 36 മാസത്തെ തടവ് ശിക്ഷയും യുവതിക്കെതിരെ വിധിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24, 25 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. അഗ്നിശമന സേനാംഗങ്ങളെ വിളിച്ചുവരുത്തുന്നതിന് വേണ്ടി യുവതി മനഃപൂർവം കാട്ടുതീ സൃഷ്ടിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയ ട്രിപ്പോളി പൊലീസ് ഓഗസ്റ്റ് 26ന് തന്നെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
44 കാരിയാണ് പ്രതി. കാട്ടുതീ സംഭവിച്ച രണ്ട് സ്ഥലങ്ങളിലും യുവതിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് 44-കാരി സംശയത്തിന്റെ നിഴലിലായത്. ആർക്കേഡിയയിലെ ട്രിപ്പോളി മുനിസിപ്പാലിറ്റിയിലുള്ള കെരാസിറ്റ്സ ഏരിയയിലായിരുന്നു സംഭവം. രണ്ട് ദിവസങ്ങളിലായി രണ്ടിടത്ത് കാട്ടുതീ ഉണ്ടാക്കുകയായിരുന്നു യുവതി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അഗ്നിശമന സേനാംഗങ്ങളെ കാണാനും സംസാരിക്കാനുമാണ് കാട്ടുതീ ഉണ്ടാക്കിയതെന്ന് യുവതി വെളിപ്പെടുത്തിയത്.