ഗണേശ ചതുർത്തി ആഘോഷിക്കുന്ന ഈ വേളയിൽ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ഗണേശ ക്ഷേത്രങ്ങളെപ്പറ്റി അറിയാനുള്ള തിരക്കിലാണ് ഭക്തർ. ഭാരതത്തിന്റെ വിവിധ കോണുകളിലായി ഒട്ടനവധി ഗണപതി ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നു. അതിൽ ഒന്നാണ് ശ്രീനഗറിലെ ഗണപതിയാർ ക്ഷേത്രം. കാശ്മീർ താഴ്‌വരയിലെ പ്രതിരോധത്തിന്റെയും പൈതൃകത്തിന്റെയും ഉജ്ജ്വലമായ പ്രതീകമാണ് ഈ ക്ഷേത്രം. കാശ്മീരി പണ്ഡിറ്റുകളുടെ ഒരു പ്രധാന ആരാധനാ കേന്ദ്രം. ഈ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന ചരിത്രപരമായ ക്ഷേത്രമാണിത്.
ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ച ഗണപതിയാർ കോവിൽ കാശ്മീർ താഴ്‌വരയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമെന്ന പേരിൽ പ്രസിദ്ധമാണ്. പ്രശസ്ത ചൈനീസ് സന്യാസിയായ ഹ്സാൻ-സാങ്ങിന്റെ പുരാതന യാത്രാ ഡയറികളിൽ പരാമർശിച്ചിട്ടുള്ള ഈ ക്ഷേത്രം ഒരു സമൂഹത്തിന്റെ അതിജീവന യാത്രയെ കൂടി പ്രതിനിധാനം ചെയ്യുന്നു.
സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഭക്തർ ഈ ക്ഷേത്രത്തിൽ എത്തിയിരുന്നു എന്നതിന്റെ തെളിവാണ് ചൈനീസ് ബുദ്ധ സന്യാസി ഹ്സാൻ-ത്സാങ്ങിന്റെ ഡയറി ഉൾപ്പെടെ പല പുരാതന ഗ്രന്ഥങ്ങളിലും കശ്മീർ താഴ്വരയിലെ ഗണപതിയാർ ക്ഷേത്രത്തെപ്പറ്റിയുള്ള വിവരണങ്ങൾ. ഗണപതിയാർ ക്ഷേത്രവും അത് സ്ഥിതിചെയ്യുന്ന പ്രദേശവും ഒരുകാലത്ത് ഹിന്ദു സമൂഹത്തിന്റെ ഹൃദയ ഭൂമിയായിരുന്നു. എന്നാൽ, ഒരുകാലത്ത് കാശ്മീരി പണ്ഡിറ്റുകളുടെ ഉടമസ്ഥതയിലായിരുന്ന പ്രദേശങ്ങളിൽ പലതും ഇന്ന് അന്യമായിരിക്കുകയാണ്.
അഫ്ഗാൻ ഭരണകാലത്ത് ക്ഷേത്രത്തിലെ വിഗ്രഹം തകർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. കാശ്മീരി പണ്ഡിറ്റുകൾ ഝലം നദിയിൽ താഴ്‌ത്തിയാണ് വിഗ്രഹം മറച്ചുവെച്ചത്. പിന്നീട് 90 വർഷത്തിന് ശേഷം ഡോഗ്ര ഭരണകാലത്ത് ഇത് വീണ്ടെടുക്കപ്പെട്ടു. സമീപ ദശകങ്ങളിൽ, ക്ഷേത്രം വിവിധ ആക്രമണങ്ങളെ നേരിട്ടു. പ്രത്യേകിച്ച് 1990കളിലെ നിരന്തരമായ ഭീകരാക്രമങ്ങളെ. ക്ഷേത്രത്തിന്റെ ചുവരുകളിൽ വെടിയുണ്ടകൾ പതിഞ്ഞ അടയാളങ്ങൾ കാണാം. സിആർപിഎഫിന്റെ (സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്) സാന്നിധ്യത്താൽ ക്ഷേത്രം ഏറെക്കുറെ സംരക്ഷിക്കപ്പെട്ടു.
ഗണപതിയാർ ക്ഷേത്രം പ്രതിരോധത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായി തുടരുന്നു. ഗണപതിയാറിൽ ആദ്യം സ്ഥാപിച്ചിരുന്ന ശിവലിംഗം 1989-ൽ സൈത്യരുടെ സയസ്ത മാതാ മന്ദിറിലേക്ക് മാറ്റി സ്ഥാപിച്ചു എന്നതാണ് ശ്രദ്ധേയം. ഇന്ന്, ഗണപതിയാർ ക്ഷേത്രം അതിന്റെ ഭൂതകാല പ്രതാപത്താൽ മൂടപ്പെട്ടിരിക്കാമെങ്കിലും, അത് ശ്രീനഗറിന്റെ ആത്മീയവും സാംസ്കാരികവുമായ ഭൂപ്രകൃതിയുടെ ഒരു സുപ്രധാന ഘടകമായി തുടരുന്നു.