സോഷ്യൽ മീഡിയ ചലഞ്ചായ ‘ക്രോമിംഗിൽ’ പങ്കെടുത്ത 12-കാരന് ഹൃദയാഘാതം. യുഎസുകാരനായ സീസർ വാസ്റ്റൺ കിംഗ് ആണ് രണ്ടുദിവസത്തോളം കോമയിൽ പോയത്. ചലഞ്ചിന്റെ ഭാഗമായി സ്പേ ഏറെനേരം ശ്വസിച്ചതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സൗത്ത് യോർക്ഷെയറിലെ ഡോൺ കാസ്റ്ററിലാണ് സംഭവം.മുകളിലത്തെ നിലയിൽ തന്റെ ഇളയ കുഞ്ഞിന് മുലയൂട്ടുകയായിരുന്ന അമ്മ നിക്കോള കിംഗ്, ഒരു വലിയ ശബ്ദം കേട്ട് പരിഭ്രാന്തയായി താഴേക്ക് ഓടി. അടുക്കളയിൽ മകൻ ഹൃദയാഘാതത്തെ തുടർന്ന് പിടഞ്ഞ് വീഴുന്നത് അവരുടെ മുന്നിലായിരുന്നു.
നിക്കോളയുടെ മൂത്ത മകൻ കൈഡൻ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ചു ആംബുലൻസിനായി കാത്തിരുന്നു. ഇതിനിടെ നിക്കോള സീസറിനെ CPR നൽകിയ പിന്നാലെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവച്ചു ഹൃദയസ്തംഭനവും ഉണ്ടായതോടെ കുട്ടി രണ്ട് ദിവസത്തേക്ക് കോമയിലായിരുന്നു. എന്നാൽ പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സീസർ വീട്ടിലേക്ക് മടങ്ങി. എന്നാൽ മാതാവിന്റെ മകന്റെ അവസ്ഥയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ക്രോമിംഗ് ചലഞ്ചിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
ക്രോമിംഗ് ചലഞ്ച്
സൈക്കോ ആക്റ്റീവ് മരുന്നുകൾ അല്ലെങ്കിൽ റീക്രിയേഷണൽ ഡ്രഗ്സ് ആയി ഉപയോഗിക്കുന്ന അപകടകരമായ രാസവസ്തുക്കൾ ശ്വസിക്കുന്നതാണ് ക്രോമിംഗ്. എയറോസോൾ ക്യാനുകൾ, പെയിൻ്റ്, പെർമനൻ്റ് മാർക്കറുകൾ, ഹെയർ സ്‌പ്രേ, നെയിൽ പോളിഷ് റിമൂവർ, ലൈറ്റർ ഫ്ലൂയിഡ്, ഗ്ലൂ, ക്ലീനിംഗ് സപ്ലൈസ്, നൈട്രസ് ഓക്‌സൈഡ്, ഗ്യാസോലിൻ എന്നിവ വിഷാംശമുള്ള രാസവസ്തുക്കളുടെ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ പുക അമിതമായ അളവിൽ ശ്വസിക്കുന്നതാണ് ചലഞ്ച്. ഇത് ഉപയോഗിക്കുന്നവരിൽ ഓക്കാനം, ഛർദ്ദി, ഭ്രമാത്മകത എന്നിങ്ങനെ പലതരം പാർശ്വഫലങ്ങളുണ്ടാകാം. ഹാങ്ഓവർ ആറ് മണിക്കൂർ വരെ നീണ്ടുനിൽക്കും. അന്തിമ ഫലങ്ങൾ മസ്തിഷ്കം, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയ്‌ക്കുണ്ടാക്കുന്ന തകരാറുകളും ഹൃദയാഘാതം, ശ്വാസംമുട്ടൽ, കോമ, അല്ലെങ്കിൽ മരണവുമാണ്.