അറ്റ്ലാന്റ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. 14കാരനായ വിദ്യാർത്ഥിയാണ് സഹപാഠികൾക്കും അദ്ധ്യാപകർക്കും നേരെ നിറയൊഴിച്ചത്. അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലെ ഹൈസ്കൂളിൽ ബുധനാഴ്ചയായിരുന്നു സംഭവം. രണ്ട് കുട്ടികളും രണ്ട് അദ്ധ്യാപകരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.
വിൻഡറിലുള്ള അപലാച്ചീ ഹൈ സ്കൂളിലായിരുന്നു വെടിവയ്പ്പ്. ഒമ്പത് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ 14-കാരനായ കോൾട്ട് ഗ്രേ എന്ന വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പ്രായപൂർത്തിയായ വ്യക്തിയായി കണക്കാക്കി വിചാരണ നടപടികൾ ആരംഭിക്കാനാണ് പൊലീസ് നീക്കം. കൊലപാതകക്കുറ്റം ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.
പുതിയ അദ്ധ്യയന വർഷം തുടങ്ങി ഏതാനും നാളുകൾ പിന്നിടുമ്പോഴാണ് സ്കൂളിൽ ആക്രമണമുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു സ്കൂൾ തുറന്നത്. നിലവിൽ പ്രതിയായ വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തിലേക്ക് നയിച്ച കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. വെടിവയ്പ്പിന് ഉപയോഗിച്ച തോക്ക് സംബന്ധിച്ച വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.