കൊച്ചി: ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്ത നടൻ നിവിൻ പോളി ഇന്ന് ഡിജിപിക്ക് പരാതി നൽകും. തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നും നിവിൻ അറിയിച്ചു. തന്റെ പരാതി കൂടി പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്ന് നിവിൻ ആവശ്യപ്പെടും. പൊലീസ് നടപടി അറിഞ്ഞതിന് ശേഷമാകും മുൻകൂർ ജാമ്യം തേടുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നടൻ നീങ്ങുക.
മറ്റൊരു നടിയുടെ പരാതിയിൽ സീരിയൽ നിർമാതാവിനും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. അവസരം വാഗ്ദാനം ചെയ്ത് കനകനഗറിലെ ഫ്ലാറ്റിൽ വച്ച് 2018ൽ പീഡിപ്പിച്ചെന്നാണ് പരാതി. നിർമാതാവ് സുധീഷ് ശേഖർ, കൺട്രോളർ ഷാനു എന്നിവർക്കെതിരെയാണ് കേസ്. മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
മുകേഷ്, ഇടവേള ബാബു എന്നിവർക്കെതിരായ ബലാത്സംഗക്കേസിൽ ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധിയും ഇന്നുണ്ടാകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. തനിക്കെതിരായി ആലുവ സ്വദേശിനി നൽകിയ പരാതി കെട്ടുകഥയാണെന്നാണ് മുകേഷിന്റെ വാദം. 15 വർഷത്തിന് ശേഷം പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നുമാണ് മുകേഷ് പറയുന്നത്. താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് കാണിച്ച് ഫ്ലാറ്റിലേക്ക് ക്ഷണിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്.