ടെൽഅവീവ്: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിന് വേണ്ടി മുന്നോട്ട് വയ്‌ക്കുന്ന ഓരോ നിർദ്ദേശങ്ങളും ഹമാസ് തള്ളുകയാണെന്ന വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളെ മോചിപ്പിക്കാൻ സാധ്യമായതെല്ലാം താൻ ചെയ്യുന്നുണ്ടെന്നും, എന്നാൽ ഹമാസ് ഓരോ നിർദ്ദേശങ്ങളും തള്ളുകയാണെന്നുമാണ് നെതന്യാഹു പറഞ്ഞത്. അന്തിമ കരാർ നടപ്പിലാക്കാനുള്ള സമയമായെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഗാസയിലെ തുരങ്കപാതയിൽ നിന്ന് ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ കരാർ എത്രയും വേഗം നടപ്പിലാക്കണമെന്നും ആഭ്യന്തര തലത്തിലും അന്താരാഷ്‌ട്ര തലത്തിലും നെതന്യാഹുവിന് മേൽ സമ്മർദ്ദം ശക്തമായിരുന്നു. എന്നാൽ ഒരു രീതിയിലുമുള്ള സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും, ഈജിപ്ത് ഗാസ അതിർത്തിയിലെ ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം വിട്ട് നൽകില്ലെന്നും നെതന്യാഹു ആവർത്തിച്ചു. ഈ മേഖലയിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണമായും പിൻവാങ്ങണമെന്ന ആവശ്യം മധ്യസ്ഥ ചർച്ചകളിൽ ഹമാസ് മുന്നോട്ട് വച്ചിരുന്നു.
എന്നാൽ ഈ മേഖലയുടെ നിയന്ത്രണം ഹമാസിന് വിട്ട് കൊടുക്കുന്നത് തീവ്രവാദികൾക്ക് അവരുടെ പ്രവർത്തികൾക്ക് പ്രോത്സാഹനം നൽകുന്നതിന് തുല്ല്യമാണെന്നും നെതന്യാഹു പറയുന്നു. ”ബന്ദികളെ മോചിപ്പിക്കാനാകുമെന്നും, മാറ്റങ്ങൾ സാധ്യമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഹമാസ് അതിന് താത്പര്യപ്പെടുന്നില്ല. ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം ഒരിക്കലും വിട്ടുകൊടുക്കില്ല. അവിടെ നിയന്ത്രണം വിട്ടുകൊടുക്കുന്നത് ഹമാസിന് ആയുധങ്ങൾ കടത്താനുള്ള സഹായമാകും. ഭീകരർക്ക് രക്ഷപ്പെടാനുള്ള സഹായമായി അത് മാറും.
ബന്ദികളെ മോചിപ്പിക്കണം എന്ന ആവശ്യം നടപ്പിലാകണമെങ്കിൽ ഇടനാഴിയുടെ നിയന്ത്രണവും ഇസ്രായേലിന്റെ പക്കൽ തന്നെ ആയിരിക്കണം. ഇതുവഴിയുള്ള തീവ്രവാദ നീക്കങ്ങളും കള്ളക്കടത്തുമെല്ലാം നിയന്ത്രിക്കേണ്ടത് രാജ്യത്തിന്റെ തന്നെ ആവശ്യമാണെന്നും” നെതന്യാഹു പറയുന്നു. അതേസമയം ഇസ്രായേലിന്റെ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ടുതന്നെ കരാർ നടപ്പിലാക്കുന്നതിനുള്ള മറ്റൊരു നിർദേശം കണ്ടെത്താൻ ഹമാസിന് ആവശ്യപ്പെടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് മാത്യു മില്ലർ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാൻ മറ്റ് വഴികളുണ്ടെന്നാണ് തങ്ങൾ കരുതുന്നതെന്നും മാത്യു മില്ലർ കൂട്ടിച്ചേർത്തു.