ജെനീവ: ഗാസയിലെ പോളിയോ വാക്‌സിനേഷൻ ക്യാമ്പെയ്‌ന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ലോകാരോഗ്യ സംഘടന. ഏകദേശം 2,00,000ത്തിനടുത്ത് കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകിയത്. ഗാസയിൽ അടുത്തിടെ ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച് ഒരു കുഞ്ഞിന് പക്ഷാഘാതം സംഭവിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. 25 വർഷത്തിനിടെ ഇതാദ്യമായാണ് മേഖലയിൽ ഇത്തരത്തിലൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇതിന് പിന്നാലെ ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് ഇടവേള നൽകണമെന്ന് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചിരുന്നു. ഇരുപക്ഷവും ഈ തീരുമാനം അംഗീകരിച്ചതിന് പിന്നാലെയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത്. ഗാസയിലെ 6,40,000 കുട്ടികൾക്ക് ആദ്യഘട്ട വാക്സിനേഷൻ നൽകുക എന്നതാണ് ക്യാമ്പെയ്‌നിലൂടെ ലക്ഷ്യമിടുന്നത്.
ഈ മാസം ഒന്നിനും മൂന്നിനും ഇടയിലായി നടത്തിയ ക്യാമ്പെയ്‌നിന്റെ ആദ്യഘട്ടത്തിൽ 1,87,000 കുട്ടികൾ എത്തിയതായി ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു. മോശം സാഹചര്യങ്ങൾക്കിടയിലും ക്യാമ്പെയ്ൻ വിജയിപ്പിക്കാൻ പരിശ്രമിച്ച ആരോഗ്യപ്രവർത്തകർക്കും കുടുംബങ്ങൾക്കും നന്ദി അറിയിക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.
2200 ആരോഗ്യ പ്രവർത്തകർ 500ലധികം ടീമുകളായി തിരിഞ്ഞാണ് പോളിയോ നൽകിയത്. മേഖലയിലെ 143 സൈറ്റുകൾ ഇതിനായി മുൻകൂട്ടി നിശ്ചയിച്ച് നൽകിയിരുന്നു. ആളുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലേക്ക് പോകുന്നതിനായി പ്രത്യേക ടീമുകളേയും നിയോഗിച്ചിരുന്നു. ഒരു കുട്ടിയെ പോലും വിട്ടു പോകരുതെന്നും അതിനാൽ നാല് കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ തുടരുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
നാല് ദിവസത്തിനുള്ളിൽ 3,40,000 കുട്ടികൾക്ക് ആദ്യ ഡോസ് പോളിയോ നൽകാനാകുമെന്നാണ് കണക്കാക്കുന്നത്. ഇവിടെ നിന്ന് ഗാസയുടെ തെക്കൻ മേഖലകളിലേക്കും, പിന്നീട് വടക്കൻ മേഖലകളിലേക്കും വാക്സിനേഷൻ ക്യാമ്പ് നീട്ടും. രണ്ടാം ഡോസ് വാക്‌സിൻ നൽകുന്ന പ്രക്രിയ നാലാഴ്ചയ്‌ക്കുള്ളിൽ നടത്താനാണ് നീക്കം. പോളിയോ വ്യാപനം തടയുന്നതിനായി ക്യാമ്പെയ്നിന്റെ ഓരോ ഘട്ടത്തിലും 90 ശതമാനം കുഞ്ഞുങ്ങളിലേക്കും ഇത് എത്തിക്കേണ്ടത് അത്യാവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.