ന്യൂഡൽഹി: ഹരിയാനയിലേയും ജമ്മു കശ്മീരിലേയും നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, തെരഞ്ഞെടുപ്പ് കാലയളവിൽ എക്‌സിറ്റ് പോളുകൾ പുറത്തുവിടുന്നത് നിരോധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം മൂന്നിനാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. സെപ്റ്റംബർ 18 ബുധനാഴ്ച രാവിലെ 7 മണി മുതൽ ഒക്ടോബർ 5 ശനിയാഴ്ച വൈകുന്നേരം 6.30 വരെയാണ് നിയന്ത്രണം.
ഈ കാലയളവിൽ ഏതെങ്കിലും പ്രിന്റ്, ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ ഹരിയാനയിലെയോ, കശ്മീരിലെയോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടരുതെന്നാണ് നിർദേശം. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഒക്ടോബർ 5നാണ് നടക്കുന്നത്. ഈ മാസം 12 വരെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസരമുണ്ട്.
കശ്മീരിൽ 90 അസംബ്ലി മണ്ഡലങ്ങളാണ് ഉള്ളത്. സെപ്തംബർ 18, 25, ഒക്ടോബർ 1 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായാണ് ഇവിടെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് കശ്മീരിൽ 88.06 ലക്ഷം വോട്ടർമാരാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിഡിപി 28 സീറ്റുകളും, ബിജെപി 25 സീറ്റുകളും, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് 15 സീറ്റുകളും, കോൺഗ്രസ് 12 സീറ്റുകളുമാണ് സ്വന്തമാക്കിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കാനിരിക്കുന്നത്. ഒക്ടോബർ എട്ടിനാണ് രണ്ട് ഇടങ്ങളിലേയും വോട്ടെണ്ണൽ.