ചായപ്രേമികളാണ് ഭൂരിഭാഗം പേരും. ഒരു കട്ടൻ ചായയെങ്കിലും ദിവസവും കുടിക്കാത്ത മലയാളികൾ കുറവാണ്. ചായയിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവെ പറയാറുണ്ട്. വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന ഈ രീതിക്ക് ഇപ്പോൾ നമ്മുടെ നാട്ടിലും പ്രചാരമേറുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഉപ്പിട്ട ചായ കുടിക്കുന്ന രീതി പിന്തുടർന്നുവരുന്നത്. ചായയിൽ ഉപ്പ് ചേർക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..
കട്ടൻ ചായയിൽ ഒരു നുള്ള് ഉപ്പ് ചേർത്താൽ ചായയുടെ കയ്പും ചവർപ്പും മാറികിട്ടും. കൂടാതെ രുചികരമായ അനുഭവം ലഭിക്കുകയും ചെയ്യും. വ്യായാമം ചെയ്തതിന് ശേഷം അൽപം ഉപ്പിട്ട ചായ കുടിക്കുകയാണെങ്കിൽ അത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെ ഉത്തേജിപ്പിക്കുകയും നിർജലീകരണം തടയാൻ സഹായിക്കുകയും ചെയ്യും. ദഹന എൻസൈമുകളുടെ ഉത്പാദനത്തിന് ഉപ്പ് നല്ലതാണ്. പോഷകങ്ങൾ ആഗിരണം ചെയ്യാനും മെച്ചപ്പെട്ട ദഹനം ലഭിക്കാനുമുള്ള ശരീരത്തിന്റെ ശേഷിയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
ചെറുചൂടുള്ള കട്ടൻ ചായയിൽ ഒരു പിഞ്ച് ഉപ്പ് ചേർത്ത് കുടിക്കുന്നത് വരണ്ട തൊണ്ടയ്‌ക്ക് ശമനം നൽകുകയും കഫം വലിച്ചെടുക്കുകയും ചെയ്യുന്നതാണ്. ശരീരത്തിന്റെ ക്ഷീണം മാറ്റി ഊർജം നൽകുന്നതിനും നിർജലീകരണം മൂലമുള്ള തലവേദന കുറയ്‌ക്കാനും സോഡിയം ലെവൽ നിയന്ത്രിച്ച് നിർത്താനും ചായയിൽ ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്.