ഒരു ദിവസത്തെ മുഴുവൻ ആരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഉറക്കം അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ശരാശരി ഏഴ് മുതൽ ഒൻപത് മണികൂർ വരെ ഒരാൾ ഉറങ്ങണമെന്നാണ് കണക്ക്. അല്ലാത്ത പക്ഷം നിരവധി ആരോഗ്യ, മാനസിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ 30 മിനിറ്റ് ഉറങ്ങി യാതൊരുവിധ ക്ഷീണവുമില്ലാതെ ആക്ടീവ് ആയിരുന്നാലോ?
അങ്ങനെ ഒരാൾ അങ്ങ് ജപ്പാനിലുണ്ട്, 40-കാരനായ ഡെയ്സുകെ ഹോറി. കഴിഞ്ഞ 12 വർഷമായി അര മണിക്കൂർ മാത്രമാണ് അദ്ദേഹം ഉറങ്ങുന്നത്. ഉറക്ക കുറവ് തന്റെ കായികക്ഷമതയെയും ജോലിയുടെ കാര്യക്ഷമതയും ഗണ്യമായി വർദ്ധിപ്പിച്ചതായി അവകാശപ്പെടുന്നു. ഇതെങ്ങനെ നടക്കുമെന്നാകും ഭൂരിഭാഗം പേരും ചിന്തിക്കുന്നത്. ആ രഹസ്യവും ഹോറി വിശദമാക്കുന്നുണ്ട്.
ഉറക്കം കുറഞ്ഞാലും തന്റെ ശരീരത്തെ കൊണ്ട് പണിയെടുപ്പിക്കാൻ ഹോറിക്ക് അറിയാം. ശരീരത്തിനെയും മനസിനെയും കാര്യമായി പരിശീലിപ്പിച്ചുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സംഗീതം, പെയിൻ്റിംഗ്, ഡിസൈനിംഗ് എന്നിവയിൽ അഭിനിവേശമുള്ളയാളാണ് ഹോറി. തന്റെ ഇഷ്ടങ്ങൾക്കായി കൂടുതൽ സമയം ചെവഴിക്കണമെന്ന ഹോറിയുടെ ആഗ്രഹമാണ് ഉറക്കം കുറയ്ക്കാനുള്ള തീരുമാനമെടുക്കാൻ കാരണമായത്. ഉറക്കം കുറച്ചതോടെ ഹോറി കൂടുതൽ ഊർജ്ജസ്വലനായി മാറിയെന്ന് പറയുന്നു. ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപ് കായികവിനോദത്തിൽ ഏർപ്പെടുകയോ ചായയോ കാപ്പിയോ കുടിക്കുകയോ ചെയ്താൽ ക്ഷീണവും മയക്കവുമൊക്കെ മാറ്റാമെന്ന് ഹോറി പറയുന്നു.
ഹോറിയുടെ ഉറക്കരീതികൾ ജപ്പാനിൽ മാത്രമല്ല ലോകത്തിനെ തന്നെ ആശ്ചര്യപ്പെടുത്തുകയാണ്. ഇതിനിടയിൽ യോമിയുരി ടിവിയിലെ ‘Will You Go With Me’ എന്ന റിയാലിറ്റി ഷോയിലേക്ക് ഹോറിയെ ക്ഷണിച്ചിരുന്നു. ഹോറിയുടെ അവകാശവാദങ്ങൾ വാസ്തവമുള്ളതാണോയെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഷോയ്ക്കിടെ ഹോറി 26 മിനിറ്റി ഉറങ്ങി, പിന്നാലെ ഉന്മേഷത്തോടെ ജിമ്മിലെത്തി വർക്കൗട്ടും തുടങ്ങി. പിന്നാലെ എന്താണ് നിങ്ങളുടെ വിജയരഹസ്യമെന്ന് ചോദിച്ചപ്പോൾ ഉറങ്ങുന്ന സമയത്തിനല്ല പ്രാധാന്യം, മറിച്ച് എങ്ങനെ ഉറങ്ങുന്നുവെന്നതിലാണ് പ്രാധാന്യമെന്നായിരുന്നു ഹോറിയുടെ ഉത്തരം. തടസമില്ലാതെ ആഴത്തിൽ ഉറങ്ങാൻ സാധിച്ചാൽ ക്ഷീണമില്ലാതെ എഴുന്നേൽക്കാൻ സാധിക്കും.
ഡോക്ടർമാർ, അഗ്നിരക്ഷാ സേനാംഗങ്ങൾ പോലുള്ളവർക്ക് കുറച്ച് സമയം മാത്രമാകും ഉറങ്ങാൻ സാധിക്കുക. അവർക്ക് തന്റെ രീതികൾ പിന്തുടരാമെന്നും ഹോറി പറയുന്നു. കുറച്ച് നേരം മാത്രം ഉറങ്ങാനായി പ്രത്യേക പരിശീലനവും ഹോറി നൽകുന്നുണ്ട്. ഹോറിയുടെ കീഴിൽ 2,100 പേരാണ് ‘അൾട്രാ ഷോട്ട് സ്ലീപ്പേഴ്സ്’ ആകാൻ പരിശീലിക്കുന്നത്. ഇവരിൽ പലരും ഹോറിയേ പോലെ ഉറക്കം കുറച്ച് കൊണ്ടുവരാൻ സാധിച്ചതായി അവകാശപ്പെടുന്നു.
അസാധാരണമായ ഉറക്ക ശൈലിയുള്ള ആദ്യത്തെ വ്യക്തിയല്ല ഹോറി. 80-കാരനായ തായ് എൻഗോക്ക് എന്ന വിയറ്റിനാമീസുകാരൻ ഉറങ്ങിയിട്ട് ആറ് പതിറ്റാണ്ടായി! 1962-ൽ പനി പിടിപെട്ടതിനെ തുടർന്ന് ഉറങ്ങാനുള്ള കഴിവ് നഷ്ടപ്പെട്ടെന്നും നിരവധി ചികിത്സകളും ഉറക്ക ഗുളികകളും പരീക്ഷിച്ചിട്ടും ഉറക്കം ലഭിക്കുന്നില്ലെന്നും എൻഗോക്ക് പറയുന്നു.