ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം. ഇത്തവണ സെപ്റ്റംബർ 07 ശനിയാഴ്ചയാണ് വിനായകചതുർഥി .മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം, മഹാരാഷ്‌ട്രയിലെ അഷ്ടവിനായക ക്ഷേത്രം, കേരളത്തിലെ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, ഗണേഷ് ടോക് ക്ഷേത്രം ഗാംഗ്ടോക്ക്, ഉച്ചി പിള്ളയാർ ക്ഷേത്രം, തുടങ്ങി നിരവധി പ്രശസ്ത ഗണേശ ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഉണ്ട്. അതുപോലെ തന്നെ വിദേശ രാജ്യങ്ങളിലും മഹാഗണപതിയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ നിരവധിയാണ്.
ഏഴാം നൂറ്റാണ്ട് മുതൽ കംബോഡിയയിലെ പ്രധാന ദേവനായി ഗണപതിയെ ആരാധിച്ചുവരുന്നു. കംബോഡിയയിൽ ആനയുടെ തലയും മനുഷ്യശരീരവുമായി നിവർന്നു നിൽക്കുന്നതായാണ് ഗണപതിയെ ചിത്രീകരിച്ചിരിക്കുന്നത്. നേപ്പാളിലെ ഭക്തപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രമാണ് സൂര്യവിനായക ക്ഷേത്രം. കാഠ്മണ്ഡുവിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ വനത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാഠ്മണ്ഡു താഴ്‌വരയിലെ പ്രശസ്തമായ നാല് ഗണേശ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
തായ്‌ലൻഡ് രാജ്യത്തെ സാംസ്‌കാരിക നഗരമായ ചാച്ചോങ്‌സാവോ “ഗണേശ നഗരം” എന്നാണ് അറിയപ്പെടുന്നത്. കാരണം ചാച്ചോങ്‌സാവോയ്‌ക്ക് ചുറ്റുമുള്ള മൂന്ന് വ്യത്യസ്ത ക്ഷേത്രങ്ങളിൽ മൂന്ന് വലിയ ഗണേശ വിഗ്രഹങ്ങളുണ്ട്.ബാങ്കോക്ക് സെൻട്രൽ വേൾഡിന് പുറത്ത് (മുമ്പ് വേൾഡ് ട്രേഡ് സെൻ്റർ) ഉയർന്ന പീഠത്തിലാണ് ഗണേശഭഗവാൻ ഇരിക്കുന്നത്. സർക്കാർ ഫൈൻ ആർട്‌സ് വകുപ്പിന്റെ എംബ്ലത്തിന്റെ ഭാഗമാണ് ഇവിടെ ഗണപതി.
മലേഷ്യയിലെ സെലാൻഗോറിലെ പെറ്റലിംഗ് ജയയിൽ ജലാൻ സെലാങ്കോറിന് സമീപമാണ് ശ്രീ സിദ്ധി വിനായഗർ ക്ഷേത്രം. പി ജെ പിള്ളയാർ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. മലേഷ്യയിലെ ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ഏറ്റവും വലുതും പ്രസിദ്ധവുമായ ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു.ഡെൻ ഹെൽഡറിലെ ശ്രീ വരതരാജ സെൽവവിനായക ക്ഷേത്രം നെതർലൻഡ്‌സിലെ ഏറ്റവും പഴക്കം ചെന്ന ഗണേശ ക്ഷേത്രമാണ്. 1991 ൽ ശ്രീലങ്കയിൽ നിന്ന് പോയ തമിഴരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. നെതർലൻഡ്‌സിലെ ഡെൻ ഹെൽഡറിലാണ് ഈ ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കാബൂളിനടുത്തുള്ള ഗാർഡെസിൽ ഖിംഗൽ എന്ന രാജാവ് സ്ഥാപിച്ച ഗണേശ വിഗ്രഹം കണ്ടെത്തിയിരുന്നു.