പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബായ മലപ്പുറം എഫ്.സിയുടെ ഓഹരികൾ ക്രിക്കറ്റ് താരം സഞ്ജുസാംസൺ വാങ്ങിയേക്കും. ടീമുമായി സഹകരിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സഞ്ജു സാംസണ്‍ അറിയിച്ചതായി ടീം കോ ഓഡിനേറ്ററും പ്രൊമോട്ടറുമായ ആഷിക്ക് കൈനിക്കര വെളിപ്പെടുത്തിയിരുന്നു. സൂപ്പർ ലീഗ് കേരളയിലെ ഒരു ക്ലബാണ് മലപ്പുറം എഫ്സി.
സെലിബ്രറ്റികൾ ബിസിനസ് എന്ന നിലയിൽ സ്പോർട്സിലേക്ക് നിക്ഷേപങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് സഞ്ജുവും കായിക രംഗത്ത് നിക്ഷേപവുമായെത്തുന്നത്. ലീഗിൽ നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്സ കൊച്ചി എന്ന ടീമും ആസിഫ് അലി സഹ ഉടമയായ കണ്ണൂർ വാരിയേഴ്സും അണിനിരക്കുന്നുണ്ട്. സെപ്റ്റംബർ ഏഴിന് ആരംഭിക്കുന്ന ലീഗിൽ മലപ്പുറം കൊച്ചിയെ നേരിടും.
നിക്ഷേപകനായാണോ ടീം അംബാസിഡറായാണോ സഞ്ജു മലപ്പുറം എഫ്.സിക്കൊപ്പം ചേരുക എന്ന കാര്യം വ്യക്തമല്ല. അതേസമയം ഉടനെ തന്നെ ഇക്കാര്യത്തിൽ ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.