വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് നായകനായ GOAT (‘The Greatest of All Time), ആരാധകർക്ക് സമ്മാനിച്ചത് കടുത്ത നിരാശ. മുങ്ങിപ്പോയ തിരക്കഥയെ രക്ഷിക്കാൻ പതിവ് ഗിമിക്കുകളുമായെത്തിയ വിജയിയിക്കും സാധിച്ചില്ല. വെങ്കട് പ്രഭുവിന്റെ കരിയറിലെ DOAT(DISASTER of All Time) എന്നാണ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മൂന്നു മണിക്കൂറോളം വലിച്ചുനീട്ടിയ ആഖ്യാനത്തിൽ അവസാന 30 മിനിട്ടിൽ കൊണ്ടുവരുന്ന ട്വിസ്റ്റുകളിലും കാമിയോ റോളുകളിലും ചിത്രത്തെ രക്ഷിക്കാനുള്ള തീവ്ര ശ്രമം വെങ്കട് പ്രഭു നടത്തുന്നുണ്ട്. എന്നാൽ മെട്രോ ഫൈറ്റ് സീനിൽ വരുന്ന സസ്പെൻസടക്കം പലതും ഏൽക്കാതെ പോയതും, പ്രെഡിക്ടബിളായ തിരക്കഥയും ചിത്രത്തെ ശരാശരിക്കും താഴെയാക്കുന്നു.
അവസാനത്തെ ദൗത്യത്തിനായി ജോലിയിൽ തിരിച്ചെത്തുന്ന ഒരു വിരമിച്ച രഹസ്യ ഏജൻ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്പൈ ത്രില്ലർ ചിത്രത്തിൽ അച്ഛന്റെയും മകന്റെയും ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്. പഴയ അച്ചിൽ വാർത്ത റിവഞ്ച് കഥയെ പുതുക്കാൻ നടത്തിയ ശ്രമങ്ങളൊക്കെയും പാളിപോകുന്നതാണ് സിനിമയിലുടനീളം കണ്ടത്. വിജയിയുടെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് പശ്ചാത്തല സംഗീതവും ഗാനങ്ങളും ആരാധകരെ ഏറെ നിരാശപ്പടുത്തി. യുവൻ ശങ്കർ രാജയുടെ സംഗീതം സിനിമയിൽ ഒരു ഇംപാക്ടുമുണ്ടാക്കിയില്ലെന്നു വേണം പറയാൻ. സിദ്ധാർത്ഥയുടെ ഛായഗ്രാഹണവും വിജയ് ചിത്രത്തിന് പിന്തുണ നൽകിയില്ല. വെങ്കട്ടിന്റെ കട്ടുകളും കല്ലുകടിയായി.
പ്രകടനത്തിലേക്ക് വരുമ്പോൾ വിജയിയുടെ മുൻ ചിത്രങ്ങളുടെ പല സ്റ്റൈലിഷ് രംഗങ്ങളും ഗോട്ടിലെ ദളപതിക്കും പ്രചോദനമായിട്ടുണ്ട്. ഡി-എയ്ജിംഗ് സാങ്കേതിക വിദ്യ ശരാശരിക്കും മുകളിൽ നിന്നപ്പോൾ, വിജയിയുടെ കോമഡി ടൈംമിംഗ് വിനിയോഗിക്കാൻ നടത്തിയ ശ്രമങ്ങൾ തിയേറ്ററിൽ ഓളമുണ്ടാക്കിയില്ല. വിജയിയുടെ രാഷ്‌ട്രീയ പ്രവേശനത്തിന്റെ ചില റഫറൻസുകളോടെയാണ് വെങ്കട് പ്രഭു തിരക്കഥയൊരുക്കിയിരിക്കുന്നത്. പതിവ് ക്രിഞ്ചുകൾ ആവർത്തിക്കുന്ന വിജയിയുടെ കാരക്ടർ തിയേറ്ററിൽ ആരാധകരുടെ ക്ഷമയെ പരീക്ഷിക്കുന്നുണ്ട്.
ക്യാപ്റ്റൻ വിജയ് കാന്തിനെ എ.ഐ സാങ്കേതിക വിദ്യയിലൂടെ സ്ക്രീനിലെത്തിച്ചെങ്കിലും ആരാധകരെപോലും തൃപ്തിപ്പെടുത്താൻ പോന്ന അവതരണമായിരുന്നില്ല എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. മിഷൻ ഇംബോസിബിൾ സിനിമ സീരിസിൽ നിന്ന് പ്രചോദനം ഉൾകൊണ്ടെന്ന് അണിയറക്കാർ വ്യക്തമാക്കുന്ന ഗോട്ട് ഹോളിവുഡ് ചിത്രത്തിന് വലിയാെരു കരിനിഴൽ വീഴ്‌ത്തുമെന്ന കാര്യത്തിൽ സംശയമില്ല. സപ്പോർട്ടിംഗ് റോളുകളിലെത്തിയ പ്രശാന്ത്,സ്നേഹ, ലൈല, അജ്മൽ അമീർ, മോഹൻ, പ്രഭുദേവ,മീനാക്ഷി ചൗധരി, ജയറാം എന്നിവർ അവരുടെ ഭാഗം വെടിപ്പായി ചെയ്തു. അപ്പാടെ പാളിപ്പോയ ചിത്രത്തെ വിജയിയുടെ സ്റ്റാർഡും കൊണ്ട് മാത്രം താങ്ങിനിർത്താനുള്ള ശ്രമമാണ് GOAT (‘The Greatest of All Time).
നോട്ട് ദി പോയിൻ്റ്: ദളപതിയുടെ വെറിത്തനം കാണാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റെടുക്കാം
…..ആർ.കെ. രമേഷ്…..















