എറണാകുളം: അത്തച്ചമയ ഘോഷയാത്രക്ക് വിപുലമായ ഒരുക്കങ്ങളുമായി തൃപ്പൂണിത്തുറ. ഘോഷയാത്ര തുടങ്ങുന്ന സ്കൂൾ മൈതാനിയിൽ സ്ഥാപിക്കാനുള്ള പതാക രാജകുടുംബാംഗം തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷയ്ക്ക് കൈമാറി. പതാകയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് ഏഴ് മണിയോടെയാണ് തുടക്കമായത്. നാളെ രാവിലെ ഒമ്പത് മണിയ്ക്ക് സ്പീക്കർ എഎൻ ഷംസീർ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം, തൃപ്പൂണുത്തുറ ഹിൽ പാലസിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും താളമേളങ്ങളുടെയും അകമ്പടിയോടെയാണ് പതാകയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പോകുന്നത്. പതാക ഘോഷയാത്ര കാണാൻ ബോയ്സ് സ്കൂൾ മൈതാനിയിൽ നിരവധിപേരെത്തിയിരുന്നു.
തെയ്യം, പുലിക്കളി, ശിങ്കാരിമേളം എന്നിവയും ഘോഷയാത്രയുടെ ഭാഗമായി. അത്തച്ചമയ ഘോഷയാത്രയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും തൃപ്പൂണിത്തുറ നഗരത്തിൽ ഒരുക്കിയിട്ടുണ്ട്. ഹിൽ പാലസിൽ നിന്ന് കൊണ്ടുപോകുന്ന കൊടിമരം നാളെ ബോയ്സ് സ്കൂൾ മൈതാനിയിൽ നാട്ടും.















