അബുദാബി; യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് കൂടുതൽ ഇളവുകൾ പ്രഖാപിച്ച് അബുദാബി. അപേക്ഷകർക്ക് ആരോഗ്യ ഇൻഷുറൻസ് ഇനത്തിലുള്ള പിഴയിലും ഇളവ് ലഭിക്കും. പൊതുമാപ്പ് അംഗീകരിച്ച ശേഷമാണ് ഇൻഷുറൻസ് പിഴ ഒഴിവാക്കുക.
ഇൻഷുറൻസ് കുടിശിക ഉള്ളതിനാൽ രാജ്യം വിട്ടുപോകാൻ സാധിക്കാത്തവരുടെ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അബുദാബി ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം. പൊതുമാപ്പ് അപേക്ഷ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങൾ അംഗീകരിച്ച ശേഷമാണ് ആരോഗ്യ ഇൻഷുറൻസ് ഇനത്തിലുള്ള പിഴയും ഒഴിവാക്കുകയെന്ന് വകുപ്പ് അറിയിച്ചു.
പൊതുമാപ്പ് അപേക്ഷ അംഗീകരിച്ചതിന്റെ രേഖ ഹാജരാക്കുന്ന വ്യക്തിയുടെ ഇൻഷുറൻസ് പിഴ ഒഴിവാക്കാൻ നിർദേശിച്ചതായി അധികൃതർ അറിയിച്ചു. സർക്കാർ ഓഫിസുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചത് ഇതിന് സഹായകമാകുമെന്നും അധികൃതർ വ്യക്തമാക്കി. പൊതുമാപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിവസങ്ങളിൽ ആയിരണക്കണക്കിന് പേരാണ് സേവന കേന്ദ്രങ്ങളിൽ എത്തിയത്.
സെപ്റ്റംബർ ഒന്നുമുതൽ ഒക്ടോബർ 31 വരെ രണ്ട് മാസത്തേക്കാണ് യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് അനുവദിക്കും. എത്ര ഭീമമായ പിഴകളും ഒഴിവാക്കി വിസ പുതുക്കാനും എക്‌സിറ്റ് പെർമിറ്റ് നേടി 14 ദിവസത്തിനകം രാജ്യം വിടാനും അനുമതിയുണ്ട്.