ന്യൂയോർക്ക്: ഇസ്രായേലിനും ഹമാസിനും ഇടയിലുള്ള വെടിനിർത്തൽ കരാറിന്റെ 90 ശതമാനം ഭാഗവും തയ്യാറാക്കിക്കഴിഞ്ഞുവെന്നും, ഉടമ്പടിക്ക് അന്തിമരൂപം നൽകാനുള്ള നീക്കം ഇരുകൂട്ടരുടേയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇസ്രായേലും ഹമാസും കരാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യസ്ഥത വഹിക്കുന്ന ഈജിപ്തും ഖത്തറും വഴി കരാറിലേക്ക് വേണ്ട കൂടുതൽ നിർദ്ദേശങ്ങൾ കൈമാറുമെന്നും ആന്റണി ബ്ലിങ്കൻ പറയുന്നു.
കരാറിന്റെ 90 ശതമാനവും തയ്യാറായി കഴിഞ്ഞുവെന്ന് ആന്റണി ബ്ലിങ്കൻ നേരത്തെയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇത് നിഷേധിച്ചിരുന്നു. കരാറിന് അന്തിരൂപമായിട്ടില്ലെന്നും, ഉടമ്പടിയിൽ ഒപ്പിടുന്നത് ഉടൻ സാധ്യമായേക്കില്ലെന്നുമാണ് നെതന്യാഹു പറഞ്ഞത്. പിന്നാലെയാണ് ഹെയ്തിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബ്ലിങ്കൻ ഇക്കാര്യം ആവർത്തിച്ചത്.
ഇതുവരെ നടന്നതിൽ നിന്നുള്ള വിലയിരുത്തലുകളിൽ നിന്നായി കരാറിന്റെ 90 ശതമാനവും പൂർത്തിയായെന്നും, ഇരുപക്ഷത്തിനും ഇത് സ്വീകാര്യമാണെന്നാണ് മനസിലാകുന്നതെന്നും ബ്ലിങ്കൻ പറയുന്നു. ” വെടിനിർത്തൽ കരാർ എത്രയും വേഗം നടപ്പിലാക്കാനാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എന്നാൽ ഇത് ഇപ്പോഴും അന്തിമമായിട്ടില്ല. കാരണം ഇരുകൂട്ടരും ഇത് അംഗീകരിക്കണം. ഇനിയും ശേഷിക്കുന്ന വിഭാഗങ്ങളിൽ കൂടി ഇരുപക്ഷത്തിന്റേയും സമ്മതം ലഭിക്കേണ്ടതുണ്ട്. ഒരുപക്ഷേ ഈ ശ്രമം നടത്താതിരിക്കാനുള്ള ഇടപെടലുകൾ ഉണ്ടായേക്കാമെന്നും” ആന്റണി ബ്ലിങ്കൻ കൂട്ടിച്ചേർത്തു.