ബെംഗളൂരു: കർണാടകയിൽ വൻ രാഷ്‌ട്രീയ വിവാദമായി മാറിയ സംസ്ഥാന സർക്കാരിന്റെ മുഡ കുംഭകോണത്തെ സംബന്ധിച്ച് ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് രാഷ്‌ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിശദമായ റിപ്പോർട്ട് കൈമാറി. കുംഭകോണത്തെക്കുറിച്ചും സംസ്ഥാന സർക്കാരിന്റെ വർദ്ധിച്ചുവരുന്ന പ്രതിഷേധങ്ങളെയും സമ്മർദ്ദ തന്ത്രങ്ങളെയും കുറിച്ചുള്ള ആശങ്കകൾ റിപ്പോർട്ടിൽ ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്
“കോണ്ഗ്രസുകാർ നടത്തുന്ന സമരത്തെ തുടര്ന്ന് ഗവർണ്ണർക്ക് പൊതുപരിപാടികൾക്ക് പോകാൻ പറ്റാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശപ്രകാരം ബുള്ളറ്റ് പ്രൂഫ് കാറാണ് താൻ ഉപയോഗിക്കുന്നത്. കർണാടക ഗവർണർക്കെതിരെ ചില മന്ത്രിമാർ ബോധപൂർവം നീക്കം തുടങ്ങിയിരിക്കുകയാണ്”. ഗവർണ്ണർ ചൂണ്ടിക്കാട്ടി
മുഡാ വിഷയത്തിൽ സിദ്ധരാമയ്യയ്‌ക്കെതിരെ നൽകിയ പ്രോസിക്യൂഷൻ അനുമതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ രാജ്ഭവനിൽ നിരന്തരമായ സമ്മർദ്ദം ചെലുത്തുകയാണ്. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി നേരിട്ട അതേ സാഹചര്യം ഗവർണർക്കും നേരിടേണ്ടി വരുമെന്നു പോലും കോൺഗ്രസ് നേതാക്കൾ പറയുന്നു. സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം ഉയർന്നുവെന്നും അദ്ദേഹത്തിന്റെ കോലം കത്തിച്ചുവെന്നും ഗവർണർ റിപ്പോർട്ടിൽ പരാമർശിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ടെന്നുമാണ് ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ടിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. വർദ്ധിച്ചുവരുന്ന രാഷ്‌ട്രീയ പ്രതിസന്ധിയുടെ ശ്രദ്ധയിൽപ്പെടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും രാഷ്‌ട്രപതിയോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്, ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്ന തുടർച്ചയായ പ്രതിഷേധങ്ങൾ കാരണം ഉപരോധം അനുഭവപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.















