തിരുവനന്തപുരം: നിയമസഭിയിൽ ബജറ്റ് പ്രഖ്യാപനത്തിനിടെയുണ്ടായ കയ്യാങ്കളി അബദ്ധമായി പോയിയെന്ന മന്ത്രി ജലീലിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി. കോടതിയിലിരിക്കുന്ന കേസിന്റെ ശരിയും തെറ്റും പറയുന്നത് ഉചിതമല്ലെന്ന് ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കോടതിയിൽ ഒരു കേസിന്റെ വിചാരണ നടക്കുമ്പോൾ അതിന്റെ ശരിയും തെറ്റും പറയുന്നത് ഒട്ടുംശരിയായ കാര്യമാണെന്ന് തോന്നുന്നില്ല. വളരെ ഗുരുതരമായ പ്രശ്നം കോടതി കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽ അതിനെ കുറിച്ച് പറയേണ്ട കാര്യമില്ല. കെ ടി ജലീൽ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. ഇത്തരം കാര്യങ്ങൾ പറയണോയെന്ന് ആലോചിക്കേണ്ടത് പറയുന്ന ആളുകളാണെന്ന് വി. ശിവൻകുട്ടി പ്രതികരിച്ചു.
ഒരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴെ കെ.ടി ജലീൽ കമന്റിട്ടതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്. നിയമസഭയിലെ സംഘർഷ സമയത്ത് സ്പീക്കറുടെ കസേര മറിച്ചിടാനായി കസേരയിൽ കൈവച്ചത് ശരിയായില്ലെന്നായിരുന്നു ജലീലിന്റെ കമന്റ്. കസേര തള്ളിയിട്ടത് കൈപ്പിഴ ആയിപോയെന്നും ജലീൽ ചൂണ്ടിക്കാട്ടിയിരുന്നു.