അബുദാബി: യുഎഇയുടെ സ്വപ്നപദ്ധതിയായ ബറാഖ ആണവനിലയം പൂർണതോതിൽ ഉത്പാദനമാരംഭിച്ചു. നിലയത്തിന്റെ നാലാം യൂണിറ്റും വാണിജ്യ അടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാർച്ചിലാണ് ആണവനിലയത്തിന്റെ നാലാമത്തെ യൂണിറ്റ് പൂർണതോതിൽ പ്രവർത്തനസജ്ജമായത്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും മുൻപ് കുറച്ച് മാസങ്ങളുടെ സമയം വേണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയുടെ പടിഞ്ഞാറൻ പ്രവിശ്യയായ അൽ ഗാർബിയയിൽ സ്ഥിതിചെയ്യുന്ന ബറാഖ ആണവനിലയം 2008 ലാണ് നിർമ്മാണമാരംഭിക്കുന്നത്.
നിലവിൽ യുഎഇയുടെ വൈദ്യുതി ആവശ്യങ്ങളുടെ 25 ശതമാനം ബറാഖ ആണവനിലയം ഉൽപാദിപ്പിക്കുന്നുണ്ട്. 2020 ഫെബ്രുവരിയിലാണ് ആദ്യ യൂണിറ്റിന് പ്രവർത്താനുമതി ലഭിക്കുന്നത്. 2021 ഏപ്രിലിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. 2025 ഓടെ അബുദാബിയിലെ ക്ലീൻ ഇലക്ട്രിസിറ്റിയുടെ 85 ശതമാനം ബറാക്ക ആണവനിലയം ഉൽപാദിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
നെറ്റ് സീറോയിലേക്കുള്ള യുഎഇയുടെ യാത്രയിലെ വലിയൊരു ചുവടുവയ്‌പെന്നാണ് ബറാക്ക ആണവനിലയം പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചതിനെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിശേഷിപ്പിച്ചത്. വർഷത്തിൽ 2.25 കോടി ടൺ കാർബൺ പുറന്തള്ളുന്നത് തടയാൻ ഈ പ്ലാന്റിനാവും. 46 ലക്ഷം കാറുകൾ നിരത്തിൽ നിന്ന് മാറ്റുന്നതിന് തുല്യമാണിത്.
2030 ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ 24 ശതമാനം വിജയം കൈവരിക്കാൻ ഇതോടെ കഴിഞ്ഞെന്നാണ് യുഎഇയുടെ വിലയിരുത്തൽ. എമറാത്തിയുടെ നേട്ടവും അറബ് ലോകത്തിന്റെ അഭിമാനവും എന്നായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമിന്റെ പ്രതികരണം.