എല്ലാ കാലവും ട്രെൻഡിനൊപ്പമാണ് മനുഷ്യൻ. വസ്ത്രം മുതൽ വെള്ളം കുടിക്കുന്ന ഗ്ലാസിൽ പോലും ഈ പരിഷ്കാരം കാണാം. പ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനികരമായതിനാൽ തന്നെ ഇന്ന് പലരും വെള്ളം കുടിക്കാനായി സ്റ്റീൽ, കോപ്പർ ബോട്ടിലുകളാണ് തെരഞ്ഞെടുക്കുന്നത്. ശുദ്ധീകരണശേഷിയുണ്ടെന്ന കാരണത്താലാണ് പലരും ചെമ്പ് പാത്രത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.
ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും യുവത്വം നിലനിർത്താനും വിളർച്ച തടയാനുമൊക്കെ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ആരോഗ്യഗുണങ്ങൾ നേടാനായി ചെമ്പ് പാത്രത്തിൽ വെള്ളം കുടിച്ച 17-കാരിക്ക് കിട്ടിയ എട്ടിന്റെ പണിയാണ് സൈബറിടത്തിൽ ചർച്ചാ വിഷയം.
രാവിലെ സ്ഥിരമായി വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്ന ശീലം ഈ പെൺകുട്ടിക്കുണ്ടായിരുന്നു. പിന്നാലെ കഠിനമായ വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട് തുടങ്ങി. രണ്ട് മൂന്ന് മണിക്കൂറിന് ശേഷം വേദനയും അസ്വസ്ഥതയും മാറുകയും ചെയ്തു. തുടർന്ന് ന്യൂട്രിഷനിസ്റ്റായ ലൂക്ക് കുട്ടിനോയുടെ അടുത്ത് ചികിത്സയ്ക്കായെത്തി. കുട്ടി സ്ഥിരമായി കോപ്പർ ഗ്ലാസിലാണ് ചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിച്ചിരുന്നതെന്ന് മനസിലായി. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചിരുന്ന വെള്ളമാണ് ചൂടാക്കിയിരുന്നത്. ഇതിലേക്കാണ് നാരങ്ങ ചേർത്തത്. ഇത് നിർത്താൻ നിർദ്ദേശിച്ചതോടെ കുട്ടിയുടെ അസ്വസ്ഥതകൾ പൂർണാമായും മാറി.
ചെമ്പ് പാത്രമാണിവിടെ വില്ലനായത്. കോപ്പർ പാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുമ്പോൾ ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടാവുമെങ്കിലും അമിതമായാൽ വിഷബാധയ്ക്ക് വരെ കാരണമാകുമെന്ന് ജെപി നഗറിലെ അപ്പോളം ക്ലിനിക്കിലെ ഡയറ്റീഷ്യൻ നീലാഞ്ജന പറയുന്നു. ചെമ്പ് പാത്രത്തിൽ നിന്ന് ദിവസവും ഒന്നോ രണ്ടോ കപ്പിൽ കൂടുതൽ വെള്ളം കുടിക്കുന്നത് നല്ലതല്ല. അന്നനാളത്തിൽ അസ്വസ്ഥത, കരളിന് തകരാർ,നാഡീ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകും.
ചെമ്പ് പാത്രത്തിൽ ചൂടുവെള്ളമോ നാരങ്ങ നീരോ ചേർക്കരുതെന്നും നീരാഞ്ജന നിർദേശിക്കുന്നു. ഇവ ചെമ്പിനൊപ്പം ചേർന്ന് കോപ്പർ അസറ്റേറ്റ്, കോപ്പർ കാർബണേറ്റ് തുടങ്ങിയ വിഷ സംയുക്തങ്ങളുടെ രൂപീകരണം നടക്കുന്നു. ഇത് ശരീരത്തിന് ദോഷം ചെയ്യുന്നു. നാരങ്ങയിലെ അസിഡിറ്റി രാസപ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. വെള്ളത്തിൽ ചെമ്പിന്റെ സാന്ദ്രത വർദ്ധിക്കാനും ഇത് കാരണമാകും.
ചെമ്പ് പാത്രത്തിൽ വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മിഥ്യധാരണയാണ് നമുക്ക് ചുറ്റുമുള്ളതെന്നും വിദഗ്ധർ പറയുന്നത്. ചെമ്പിന്റെ ഉപഭോഗം ഗർഭസ്ഥ ശിശുക്കളെ സാരമായി ബാധിക്കും. കരൾ രോഗമുള്ളവർ ചെമ്പ് പാത്രം ഉപയോഗിക്കരുത്. കരൾ നിർവീര്യമാക്കാൻ ചെമ്പിന് സാധിക്കുമെന്ന് ഓർക്കുക. ചെമ്പിന് ആൻ്റി-മൈക്രോബയൽ ഗുണങ്ങളുണ്ടെങ്കിലും രോഗങ്ങൾക്കുള്ള പ്രതിവിധിയായി കണക്കാക്കരുത്. ക്യാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളെ ചെറുക്കുമെന്നത് അടിസ്ഥാന രഹിതമാണ്. അമിതമായി ചെമ്പ് ശരീരത്തിലെത്തുന്നത് നന്നല്ല. ചെമ്പിന്റെ പല ഗുണങ്ങളും ബാക്ടീരിയകളം നശിപ്പിക്കുമെങ്കിലും ജലശുദ്ധീകരണത്തിന്റെ പ്രധാന മാർഗമല്ല.