73-ാം പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി. “ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്” എന്നാണ് ചിത്രത്തിന്റെ പേര്. ഗൗതം മോനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
സിനിമയുടെ പ്രമേയം കേസന്വേഷണമാണ് എന്നാണ് ഫസ്റ്റ്ലുക്ക് തരുന്ന സൂചന. വെള്ള വസ്ത്രവും സ്ലിപ്പറും ധരിച്ച് സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നിലത്ത് കുറച്ച് കടലാസുകളും സമീപത്തായി ഒരു പൂച്ചയെയും ചിത്രത്തിൽ കാണാം. പ്രേക്ഷകർക്ക് ആകാംക്ഷയൊരുക്കുന്ന പോസ്റ്ററാണ് എത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ചിത്രം അടിപൊളിയാകട്ടെയെന്നും മറ്റൊരു ഹിറ്റ് കാണാനായി തങ്ങൾ കാത്തിരിക്കുന്നുവെന്നും ആരാധകർ അഭിപ്രായങ്ങൾ പങ്കുവച്ചു. ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന മെഗാസ്റ്റാറിന്റെ ചിത്രത്തിനായി കാത്തിരിപ്പ് തുടങ്ങിയെന്നും പറയുന്നു. കൂടാതെ പിറന്നാൾ ദിനത്തിൽ ആശംസകൾ പങ്കുവയ്‌ക്കാനും ആരാധകർ മറന്നില്ല.
മമ്മൂട്ടിയുടെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് ആരാധകർ. ഇന്നലെ അർദ്ധരാത്രി തന്നെ മമ്മൂട്ടിയുടെ വീടിന് മുന്നിലെത്തിയ മമ്മൂട്ടി ഫാൻസ് അസോസിയേഷനിലെ അംഗങ്ങൾ താരത്തിന് പിറന്നാൾ ആശംസകളറിയിച്ചു. പിന്നാലെ, മമ്മൂട്ടി ആരാധകരോട് വീഡിയോ കോളിലൂടെ സംസാരിക്കുകയും നന്ദി പറയുകയും ചെയ്തു. ആരാധകരുടെ സാന്നിധ്യത്തിലാണ് മമ്മൂട്ടി കേക്ക് മുറിച്ച് കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ചത്.















