എറണാകുളം: സിനിമാനയ രൂപീകരണ ചർച്ചയിൽ നിന്ന് ആരെയും മാറ്റി നിർത്തില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. ചലച്ചിത്ര അക്കാദമിയുടെ കൃത്യമായ ഒരു ഇടപെടൽ അതിലുണ്ടായിരിക്കും. എല്ലാം സർക്കാർ തീരുമാനിക്കുന്നത് പോലെ മുന്നോട്ട് പോകുമെന്നും പ്രേംകുമാർ പറഞ്ഞു. കൊച്ചിയിൽ നടന്ന സിനിമാനയ രൂപീകരണ സമിതിയുടെ ആദ്യ ചർച്ചയിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രേംകുമാർ.
സിനിമാനയം രൂപീകരിക്കുന്നതിനായി എല്ലാവരുമായും ചർച്ചകൾ നടത്തും. ആരെയും മാറ്റി നിർത്തില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടായിരിക്കും ചർച്ച നടത്തുക. അമ്മ അടക്കമുള്ള സംഘടനകളുമായും വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്നും പ്രേംകുമാർ പറഞ്ഞു. അതേസമയം, സിനിമ കോൺക്ലേവ് നവംബറിൽ നടത്തുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് നയരൂപീകരണ സിമിതി അദ്ധ്യക്ഷൻ ഷാജി എൻ കരുൺ വ്യക്തമാക്കി. തീയതി മാറ്റുന്നത് സർക്കാരുമായി ചർച്ച ചെയ്ത് ഉടൻ തീരുമാനമെടുക്കുമെന്നും ഷാജി എൻ കരുൺ പറഞ്ഞു.
കൊച്ചയിൽ നടന്ന നയരൂപീകരണ യോഗത്തിൽ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുമായി ചർച്ച നടത്തി. വരും ദിവസങ്ങളിൽ മറ്റ് സിനിമാ അസോസിയേഷൻ സംഘടനകളെ ഉൾപ്പെടുത്തികൊണ്ട് ചർച്ചകൾ നടത്തുന്നതായിരിക്കും. ഇതിന് ശേഷമായിരിക്കും ഒരു നയം രൂപീകരിച്ച് കോൺക്ലേവിൽ അവതരിപ്പിക്കുന്നത്.















