ന്യൂഡൽഹി: ആറ് ദിവസത്തെ വിദേശപര്യടനത്തിനായി എസ്. ജയശങ്കർ. സൗദി അറേബ്യ, ജർമനി, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. മൂന്ന് രാജ്യങ്ങളിലേയും ഭരണകൂട പ്രതിനിധികളുമായി എസ്. ജയശങ്കർ ഉഭയകക്ഷി ചർച്ച നടത്തുമെന്നും ആഗോള, പ്രാദേശിക വെല്ലുവളികൾ ചർച്ചയാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സൗദിയുടെ തലസ്ഥാനമായ റിയാദിലേക്കാണ് വിദേശകാര്യമന്ത്രി ആദ്യമെത്തുക. രണ്ട് ദിവസത്തെ സൗദി സന്ദർശനത്തിനിടെ ഇന്ത്യ-ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ ഫോറിൻ മിനിസ്റ്റേഴ്സ് മീറ്റിംഗിൽ അദ്ദേഹം പങ്കെടുക്കും. വിവിധ ജിസിസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. ശേഷം ബെർലിനിൽ എത്തുന്ന എസ് ജയശങ്കർ സെപ്റ്റംബർ 10, 11 തീയതികളിൽ ജർമനിയിൽ തങ്ങും. ബെർലിനിലേക്ക് എസ് ജയശങ്കർ നടത്തുന്ന മൂന്നാമത് ഉഭയകക്ഷി സന്ദർശനമാകുമിത്. ജെർമൻ ചാൻസലർ ഒലഫ് സ്കോൾസ് അടുത്ത മാസം ഇന്ത്യ സന്ദർശിക്കുന്ന പശ്ചാത്തലത്തിൽ ഒലഫ് സ്കോൾസിനെ കണ്ട് ചർച്ച നടത്തും. കൂടാതെ ജർമൻ വിദേശകാര്യമന്ത്രിയെയും അദ്ദേഹം കാണും.
ഒടുവിൽ ജെനീവയിലേക്കാണ് എസ് ജയശങ്കർ എത്തുക. സെപ്റ്റംബർ 12, 13 തീയതികളിൽ സ്വിറ്റ്സർലൻഡ് സന്ദർശിക്കുന്ന വിദേശകാര്യമന്ത്രി വിവിധ അന്താരാഷ്‌ട്ര സംഘടനകളുടെ പ്രതിനിധികളുമായും മേധാവികളുമായും കൂടിക്കാഴ്ച നടത്തുന്നതാണ്. വിവിധ യുഎൻ ബോഡികളുടെയും അന്താരാഷ്‌ട്ര സംഘടനകളുടെയും ആസ്ഥാനമാണ് ജെനീവ. സ്വിസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ചർച്ച നടത്തുന്നതോടെ ജയശങ്കറിന്റെ ആറ് ദിവസത്തെ വിദേശപര്യടനം പൂർത്തിയാകും.















