തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം അനിശ്ചിതകാലത്തേക്ക് മുടങ്ങിയ സാഹചര്യത്തിലാണ് കളക്ടർ കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ നാല് ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തിൽ നഗരവാസികൾ കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണിയുടെ അന്തിമ ഘട്ടത്തിലാണ്. എന്നാൽ വൈകീട്ട് 4 മണിക്ക് തുടങ്ങാനിരുന്ന പമ്പിങ് ഇതുവരെ തുടങ്ങാനായിട്ടില്ല. അലൈൻമെന്റിലെ പാളിച്ചയും കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിൽ കാലതാമസമുണ്ടാക്കും. ഈയൊരു പശ്ചാത്തലത്തിലാണ് കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി നൽകാനുള്ള തീരുമാനം.
നിലവിൽ 30 ടാങ്കറുകളിൽ നഗരസഭ വെള്ളമെത്തിച്ചു നൽകുന്നുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. എന്നാൽ ഇതൊന്നും പര്യാപ്തമായ അളവിലല്ലെന്ന് പ്രദേശവാസികൾ പറയുന്നു. അറ്റകുറ്റപണികൾ പൂർത്തിയായി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ ഒന്നര മണിക്കൂർ കൂടി വേണ്ടിവരുമെന്ന് മേയർ അറിയിച്ചു.