ലക്‌നൗ: ഉത്തർ പ്രദേശിലെ സമാജ്‌വാദി പാർട്ടി നേതാവിനെതിരെ ബലാത്സംഗക്കേസെടുത്ത് പൊലീസ്. 18-കാരിയെ നിരന്തരം പീഡിപ്പിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് നടപടി. ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് സംഭവം.
അഭിഭാഷകൻ കൂടിയായ വീരേന്ദ്ര പാലിന്റെ നിയമപരമായ ജോലികളിൽ താൻ സഹായിക്കാറുണ്ടായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. വിജനമായ സ്ഥലത്ത് വെച്ച് വീരേന്ദ്ര പാൽ മയക്കമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയെന്നും തുടർന്ന് തന്നെ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. ഇയാൾ ആക്രമണം ചിത്രീകരിക്കുകയും ഈ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
പ്രതി വീരേന്ദ്ര പാൽ ഒരു വർഷത്തോളം യുവതിയെ ബലാത്സംഗം ചെയ്തതായി മൗവിലെ കോട്വാലി നഗർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അനിൽ കുമാർ സിംഗ് പറഞ്ഞു. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.