ന്യൂഡൽഹി : വിനായകചതുർത്ഥിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ 25,000 കോടിയുടെ വിൽപ്പന നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് വർധിക്കുന്നുണ്ടെന്നും , ഇന്ത്യൻ വ്യാപാരികൾ ചൈനീസ് ഉൽപ്പന്നങ്ങൾ നിരസിക്കുന്നുവെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് പറയുന്നു.
‘ ഗണേഷ് ചതുർത്ഥി ദിനങ്ങളിൽ കാര്യമായ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്നു, പ്രത്യേകിച്ച് മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ സനാതന ഉത്സവ വേളയിൽ വൻ സാമ്പത്തിക നേട്ടമാണ് ഉണ്ടാകുന്നത് ‘ – സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.
പന്തലുകൾക്കായി ചെലവഴിക്കുന്ന പണത്തിന് പുറമേ, ഗണേശ വിഗ്രഹങ്ങൾ പോലുള്ള വിശാലമായ വ്യവസായങ്ങളും പ്രാദേശിക ബിസിനസ്സുകളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ മാത്രം 500 കോടിയിലധികം ബിസിനസ്സ് നടക്കുന്നു. പുഷ്പങ്ങൾ, മാലകൾ, പഴങ്ങൾ, നാളികേരം, ധൂപവർഗ്ഗങ്ങൾ, ചടങ്ങുകൾക്ക് ആവശ്യമായ മറ്റ് വസ്തുക്കൾ എന്നിവ 500 കോടി രൂപയ്ക്ക് മേൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നു. ഭക്ഷണവും മധുരപലഹാരങ്ങളും പ്രധാനമായും ഗണപതിയുമായി ബന്ധപ്പെട്ട മധുരപലഹാരമായ മോദകത്തിന് വൻ ഡിമാൻഡാണുള്ളത് . സ്വീറ്റ് ഷോപ്പുകളിലും ഗൃഹാധിഷ്ഠിത ബിസിനസ്സുകളിലും വിൽപ്പന 2,000 കോടിയിലധികം വർധിച്ചു. കൂടാതെ,കാറ്ററിംഗ്, ലഘുഭക്ഷണ വിതരണം വഴി 3,000 കോടിയോളം രൂപയുടെ ബിസിനസുകൾ നടക്കുന്നു.
രാജ്യത്ത് 20 ലക്ഷം ഗണേശ പന്തലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് . മഹാരാഷ്ട്രയിൽ മാത്രം ഏഴ് ലക്ഷത്തിലധികം പന്തലുകൾ സ്ഥാപിച്ചിട്ടുണ്ട് . ആന്ധ്ര, തെലങ്കാന, എംപി എന്നിവിടങ്ങളിൽ രണ്ടുലക്ഷം വീതവും പന്തലുകൾ ഒരുക്കിയിട്ടുണ്ട്. ഈ കണക്കിൽ മാത്രം ബിസിനസ് 10,000 കോടി കടന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ ഗണേശ ചതുർത്ഥിക്ക് ഗണേശ വിഗ്രഹ വിൽപ്പനയിൽ 10 മടങ്ങ് വർധനയുണ്ടായതായി സെപ്റ്റോ റിപ്പോർട്ട് ചെയ്തു . സെപ്റ്റോയുടെ വിൽപന കണക്കുകൾ പ്രകാരം, റെഡിമെയ്ഡ് മോദകങ്ങൾ മണിക്കൂറിൽ 1,500 എണ്ണം വരെ വിറ്റു പോയി.മോദക് വിൽപ്പനയിൽ മുംബൈയാണ് മുന്നിൽ. ബംഗളൂരുവിൽ പേഡകളും, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ലഡ്ഡുവുമാണ് വിറ്റാഴിഞ്ഞത്.