ടെക്സസ്: കോൺഗ്രസ് നേതാവ് രാഹുൽ ബിജെപി ആരോപിക്കുന്നതുപോലെ പപ്പുവല്ലെന്ന് ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ. രാഹുൽ ബിജെപി പിന്തുടരുന്ന ആശയങ്ങൾക്ക് വിരുദ്ധമായാണ് ചിന്തിക്കുന്നത്. അതിനാൽ അദ്ദേഹം ഒരു മണ്ടനല്ലെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. യുഎസ് സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുലിനെ വേദിയിലിരുത്തിയായിരുന്നു പിത്രോദയുടെ പരാമർശം.
“ബിജെപി അവരുടെ കാഴ്ചപ്പാട് നടപ്പിലാക്കാൻ കോടിക്കണക്കിനു രൂപ രാജ്യത്ത് ചിലവഴിക്കുന്നുണ്ട്. എന്നാൽ അതിനു വിരുദ്ധമായ കാഴ്ചപ്പാടാണ് രാഹുലിന് ഉള്ളത്. അദ്ദേഹം പപ്പുവല്ല. ഉയർന്ന വിദ്യാഭ്യാസമുള്ളവനും നന്നായി വായിക്കുന്നവനും ആഴത്തിൽ ചിന്തിക്കുന്ന തന്ത്രശാലിയുമാണ്. എന്നാൽ മറ്റുള്ളവർക്ക് അദ്ദേഹത്തെ മനസിലാക്കാൻ അത്ര എളുപ്പമല്ല,”സാം പിത്രോദ പറഞ്ഞു.
രാഹുലിന് വ്യത്യസ്തമായ ഒരു അജണ്ടയുണ്ട്. വൈവിധ്യങ്ങളെ ആഘോഷിക്കുക എന്നതാണ് അത്. എന്നാൽ ഇത് വളരെക്കാലമായി കോൺഗ്രസ് അഭിസംബോധന ചെയ്യാൻ ശ്രമിച്ചിട്ടും ജനങ്ങളിലേക്ക് പൂർണമായ തോതിൽ എത്തിയിട്ടില്ലെന്നും പിത്രോദ പറഞ്ഞു. വളരെ തിരക്കുള്ള വ്യക്തിയാണ് രാഹുൽ. അദ്ദേഹത്തിന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന്, യുഎസിലേക്ക് വരാൻ മൂന്ന് ദിവസത്തെ അവധി എടുത്തതിൽ സന്തോഷമുണ്ടെന്നും പിത്രോദ കൂട്ടിച്ചേർത്തു. ടെക്സസിലെ ഡാലസിലുള്ള ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇരുവരും.