ജയ്‌പൂർ: ഇന്ത്യയുടേയും അമേരിക്കയുടെയും സംയുക്ത സൈനികാഭ്യാസത്തിന്റെ 20-ാം പതിപ്പിന് തിങ്കളാഴ്ച രാജസ്ഥാനിൽ തുടക്കമായി. 14 ദിവസത്തെ അഭ്യാസത്തിൽ രജ്പുത് റെജിമെന്റിന്റെ ബറ്റാലിയനിൽ നിന്നുള്ള 600 ഓളം സൈനികരും വിവിധ സേനകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. അലാസ്ക ആസ്ഥാനമായുള്ള 11-ാമത്തെ എയർബോൺ ഡിവിഷനിലെ 1-24 ബറ്റാലിയനാണ് യുഎസിനെ പ്രതിനിധീകരിക്കുന്നത്. മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ഫോറിൻ ട്രെയിനിങ് മോഡിൽ ആരംഭിച്ച സൈനികാഭ്യാസം സെപ്റ്റംബർ 22-നാണ് അവസാനിക്കുക.
ഐക്യരാഷ്‌ട്രസഭയുടെ ചാർട്ടർ പ്രകാരമുള്ള തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഇരുപക്ഷത്തിൻെറയും സൈനിക ശേഷി വർദ്ധിപ്പിക്കുക എന്നതാണ് സംയുക്ത സൈനിക അഭ്യാസത്തിന്റെ ലക്ഷ്യം. തീവ്രവാദ പ്രവർത്തനങ്ങളോടുള്ള സംയുക്ത പ്രതികരണം, സംയുക്ത ആസൂത്രണം, തീവ്രവാദ വിരുദ്ധ ദൗത്യങ്ങൾ അനുകരിച്ചുകൊണ്ടുള്ള സംയോജിത ഫീൽഡ് പരിശീലനങ്ങൾ എന്നിവ സംയുക്ത അഭ്യാസത്തിൽ ഉൾപ്പെടുന്നു.
സംയുക്ത അഭ്യാസ പ്രകടനം പ്രതിരോധ സഹകരണം വർധിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2004 ൽ തുടങ്ങി എല്ലാവർഷവും ഇന്ത്യയിലും യുഎസിലുമായി യുദ്ധ് അഭ്യാസ് സംയുക്ത സൈനികാഭ്യാസം നടത്താറുണ്ട്.















