എറണാകുളം: മലയാള സിനിമാ മേഖലയിൽ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായി ഡബ്ല്യൂസിസി. സിനിമയിലെ എല്ലാ തൊഴിലുകൾക്കും കൃത്യമായ കരാർ കൊണ്ടുവരണമെന്നും ഡബ്ല്യൂസിസി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
ലൈംഗികാതിക്രമങ്ങൾ തടയാനുള്ള വ്യവസ്ഥകൾ കരാറിന്റെ ഭാഗമാക്കണം. സിനിമയുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകൾക്കും കൃത്യമായ കരാറുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമാണ് വനിതാ കൂട്ടായ്മയുടെ ആവശ്യം.
മലയാള സിനിമാ മേഖലയുടെ പുനർനിർമാണത്തിന് പുതിയ നിർദേശങ്ങൾ പ്രഖ്യാപിക്കുമെന്ന് നേരത്തെ ഡബ്യൂസിസി അറിയിച്ചിരുന്നു. ആദ്യ നിർദേശമെന്ന നിലയിലാണ് തൊഴിൽ കരാർ ആവശ്യപ്പെട്ടത്. നേരത്തെ നടികൾക്കും നടന്മാർക്കും തുല്യ വേതനം ഉറപ്പുവരുത്തുന്നതിനെ സംബന്ധിച്ചും ചർച്ചകൾ നടന്നിരുന്നു. എന്നാലിത് അപ്രായോഗികമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടക്കമുള്ള സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു.