വാഷിംഗ്ടൺ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വിമർശകർ പറയുന്നത് പോലെ പപ്പുവല്ലെന്ന് വിവാദ കോൺഗ്രസ് നേതാവ് സാം പിത്രോദ. വിദ്യാഭ്യാസ സമ്പന്നനും, മികച്ച തന്ത്രജ്ഞനും ആഴത്തിൽ അറിവുള്ളവനുമാണ് രാഹുലെന്നും സാം പിത്രോദ പറഞ്ഞു.
വിവാദ പ്രസ്താവനകൾക്ക് ഏറെ പേരുകേട്ട മുതിർന്ന കോൺഗ്രസ് നേതാവാണ് സാം പിത്രോദ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചെയർമാനായ പിത്രോദ, അമേരിക്കയിൽ രാഹുൽ എത്തിയപ്പോഴായിരുന്നു ‘പപ്പു’ പരാമർശം നടത്തിയത്. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ വിദ്യാർത്ഥികളോടായിരുന്നു പിത്രോദയുടെ വാക്കുകൾ.
കോടികൾ ചെലവഴിച്ച് ബിജെപി നടത്തുന്ന പ്രചാരണം പോലെയൊന്നുമല്ല, രാഹുലിന് ഒരു വിഷനുണ്ട്. അയാൾ പപ്പുവല്ല. വിദ്യാഭ്യാസ സമ്പന്നനും അറിവുള്ളവനും, ഏതൊരു വിഷയത്തെക്കുറിച്ചും ആഴത്തിൽ ചിന്തിക്കുന്ന തന്ത്രജ്ഞനുമാണ് രാഹുലെന്നും പിത്രോദ വിദ്യാർത്ഥികളോട് പറഞ്ഞു.
പിത്രോദയുടെ മുൻകാല പ്രസ്താവനകൾ പലപ്പോഴും കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ക്ഷേത്രങ്ങൾക്ക് കഴിയുമോയെന്നായിരുന്നു ഒരുസമയത്ത് പിത്രോദ നടത്തിയ പരാമർശം. കൂടാതെ, 1984 ലെ സിഖ് വിരുദ്ധ കലാപത്തെയും പുൽവാമ ആക്രമണത്തെ തുടർന്നുള്ള ബാലാകോട്ട് വ്യോമാക്രമണത്തെയും കുറിച്ച് പിത്രോദ നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. ഇന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെയും ചൈനക്കാരെയും പോലെയാണെന്ന പ്രസ്താവനയും പിത്രോദയ്‌ക്കെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു.