സോൾ: രാജ്യത്ത് ആണവായുധങ്ങളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആണവായുധങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ഉത്തരകൊറിയയുടെ സ്ഥാപക വാർഷിക ദിനത്തിലാണ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. കെസിഎൻഎ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഏത് സമയത്തും ആണവായുധങ്ങൾ പ്രയോഗിക്കാൻ രാജ്യം തയ്യാറായിരിക്കണമെന്നും കിം പറയുന്നു. അമേരിക്കയുടേയും സഖ്യകക്ഷികളുടേയും ഭാഗത്ത് നിന്ന് ഭീഷണികൾ ഉയരുന്നുണ്ടെന്നും, അതിനെ നേരിടാൻ ശക്തമായ രീതിയിൽ സൈനിക സംവിധാനങ്ങൾ വിപുലീകരിക്കണമെന്നുമാണ് കിം നിർദേശിച്ചത്.
കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ അവരുടെ സ്ഥാപകവാർഷിക ദിനം ആചരിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും കിം ജോങ് ഉന്നിന് സ്ഥാപകദിനത്തിൽ ആശംസകൾ അറിയിച്ചിരുന്നു. ഉത്തരകൊറിയയുമായി സഹകരണം ശക്തിപ്പെടുത്തുമെന്നാണ് ഇരുനേതാക്കളും പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയയുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഉത്തരകൊറിയ തങ്ങളുടെ ആണവശക്തി വർദ്ധിപ്പിക്കുകയാണെന്ന പ്രഖ്യാപനം നടത്തുന്നത്.
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനികാഭ്യാസ പ്രകടനങ്ങൾക്കെതിരെ പരസ്യമായി ഉത്തരകൊറിയ പല ഘട്ടങ്ങളിലും രംഗത്തെത്തിയിരുന്നു. യുദ്ധപ്രഖ്യാപനമാണെന്നും, തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണ് ഇതെന്നുമാണ് ഉത്തരകൊറിയയുടെ അവകാശവാദം. അമേരിക്ക ദക്ഷിണ കൊറിയയ്‌ക്ക് സഹായങ്ങൾ കൈമാറുന്നത് നിർത്തലാക്കണമെന്നും ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു.















