കാത്തിരിപ്പിനും ഊഹാപോഹങ്ങൾക്കും വിരമാമിട്ട് ഐഫോൺ 16 സീരിസ് ഫോണുകളും ആപ്പിൾ ഗാഡ്ജെറ്റുകളും വിപണിയിലെത്തി. കലിഫോർണിയയിലെ കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് ആപ്പിൾ ഉത്പന്നങ്ങൾ പുറത്തിറക്കിയത്.
ആപ്പിൾ ഇന്റലിജൻസ് അധിഷ്ഠിതമായാണ് ഐഫോൺ 16 സീരിസിന്റെ വരവ്. A18 ചിപ്പ്, പ്രത്യേക ക്യാമറ ബട്ടൺ, ആക്ഷൻ ബട്ടൺ എന്നിവ ഈ സീരിസിന്റെ പ്രത്യേകതയാണ്. ഉപയോക്താവിന് മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന സെക്കൻഡ് ജെൻ 3എൻഎം ചിപ്സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു സ്ലൈഡിങ് ആംഗ്യത്തിലൂടെ കാമറ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ക്യാമറ കൺട്രോൾ ഫീച്ചറും പുതിയ സീരിസിലുണ്ട്.
ഐഫോൺ 16-ൽ രണ്ട് കാമറ ലെൻസുകളാണുള്ളത്. 48 മെഗാപിക്സലാണ് മെയിൻ കാമറ. 12 MP ഫോക്കൽ ലെംഗ്ത്തുള്ള ഓട്ടോ ഫോക്കസുള്ള ആൾട്ര വൈഡ് കാമറയാണ് രണ്ടാമത്തേത്. ഡോൾബി വിഷൻ HDR ഉപയോഗിച്ച് 4K60 വീഡിയോ എടുക്കാം. 12MP അൾട്രാ-വൈഡ് കാമറ കൃത്യതയുള്ള മികച്ച ഫോട്ടോകൾ വാഗ്ദാനം ചെയ്യുന്നു. ഒരു ഫോണിൽ നാല് ക്യാമറ ലെൻസുകൾക്ക് തുല്യമായ പെർഫോമൻസാണ് ഐഫോൺ 16 സീരിസ് നൽകുന്നതെന്നാണ് ആപ്പിൾ പറയുന്നത്.
നേരത്തെ ഐഫോൺ 15 പ്രോ സീരിസുകളിൽ മാത്രം പ്രവർത്തിച്ചിരുന്ന എഐ ഗെയിമുകൾ ഇപ്പോൾ സാധാരണ വേരിയൻ്റുകളിലും ലഭ്യമാകും. വിശദവിവരങ്ങൾ ലഭ്യമാകുന്നതിനോ കലണ്ടറുകളിലേക്ക് ഇവൻ്റുകൾ ചേർക്കുന്നതിനോ ഇവൻ്റ് ഫ്ലയറുകൾ പോലുള്ള ഒബ്‌ജക്റ്റുകളിലേക്ക് ക്യാമറ ചൂണ്ടിക്കാണിക്കാൻ വിഷ്വൽ ഇൻ്റലിജൻസ് എന്ന പുതിയ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐഫോൺ 16 പ്രോ മോഡലുകൾ സ്വർണ്ണ നിറത്തിലാണ്. ക്യാമറ കൺട്രോൾ ബട്ടണിലും ഇതേ നിറം വരുന്നു. 6.3 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഐഫോൺ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് സ്‌ക്രീനാണുള്ളത്. ആപ്പിൾ പുറത്തിറക്കിയ ഫോണുകളിലെ എക്കാലെത്തെയും വലിയ സ്ക്രീൻ സൈസാണിത്. എക്കാലത്തെയും മികച്ച ബാറ്ററി ലൈഫും ഇത് പ്രോ സിരീസ് വാഗ്ദാനം ചെയ്യുന്നു. നൂതന കാമറ ഫീച്ചറുകളും ആപ്പിൾ എഐയും വ്യത്യസ്തമാക്കുന്നു. 120Hz ഡിസ്പ്ലേയാണ് രണ്ടിനുമുള്ളത്. സെപ്റ്റംബർ 16 മുതൽ യുഎസ് വിപണിയിൽ പുതിയ സീരിസ് എത്തി തുടങ്ങും.
799 ഡോളർ മുതലാണ് ഐഫോൺ 16-ന്റെ വില ആരംഭിക്കുന്നത്. ഐഫോൺ 16 പ്ലസിന്റെ വില 899 ഡോളറിലും ആരംഭിക്കുന്നു. ഐഫോൺ 16 പ്രോയ്‌ക്ക് 999 ഡോളറും പ്രോ മാക്സിന് 1199 ഡോളറുമാണ് വില. ഇന്ത്യയിൽ അടിസ്ഥാന മോഡലിന് 79,900 രൂപയും പ്രോ മോഡലിന് 1,19,000 രൂപയുമാകും വില. പ്രോ മാക്സിന് 1,44,900 രൂപയുമാകും വില.
നാല് സ്മാർട്ട് ഫോണുകൾക്ക് പുറമേ രണ്ട് എയർപോഡുകളുടെ നാല് വേരിയൻ്റുകൾ, ആപ്പിൾ വാച്ച് എന്നിവയും വാർഷിക പരിപാടിയിൽ പുറത്തിറക്കി. സെപ്റ്റംബർ 16 മുതൽ ഐഫോണുകൾക്കായുള്ള ഐഒഎസ് 18 അപ്‍ഡേറ്റ് ലഭ്യമാവും. ഐഫോൺ XR മുതലുള്ള വേരിയന്റുകൾക്കാണ് ഒരാഴ്ച കൂടി കഴിയുമ്പോൾ ഐഒഎസ് 18 ലഭ്യമാകുക.