കൊൽക്കത്ത: നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗാൾ മുഖ്യമന്ത്രി നുണ പറയുകയാണെന്ന ആരോപണവുമായി കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ട പിജി ഡോക്ടറുടെ അമ്മ. മകൾ കൊല്ലപ്പെട്ടതിന് പിന്നാലെ മമത ബാനർജി തങ്ങൾക്ക് പണം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും, ഇക്കാര്യത്തിൽ തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ലെന്നും യുവതിയുടെ അമ്മ വ്യക്തമാക്കി. കുടുംബത്തിന് പണം നൽകാമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന മമതയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് പെൺകുട്ടിയുടെ അമ്മ രംഗത്തെത്തിയത്.
” മമത ബാനർജി കള്ളം പറയുകയാണ്. എന്റെ മകൾ ഇനിയൊരിക്കലും മടങ്ങി വരില്ല. അവളുടെ പേരിൽ കള്ളം പറയേണ്ട ആവശ്യവും എനിക്കില്ല. പണം നൽകാമെന്നാണ് മുഖ്യമന്ത്രി ഞങ്ങളോട് പറഞ്ഞത്. മകളുടെ ഓർമ്മയ്‌ക്കായി എന്തെങ്കിലും നിർമ്മിക്കണമെന്ന് നിർദേശിച്ചു. മകൾക്ക് നീതി ലഭിച്ചതിന് ശേഷം മാത്രം അവരുടെ ഓഫീസിലെത്താമെന്നാണ് താൻ പറഞ്ഞതെന്നും” യുവതിയുടെ അമ്മ പറയുന്നു.
യുവതിയുടെ കുടുംബത്തിന് താൻ പണമൊന്നും വാഗ്ദാനം ചെയ്തിട്ടില്ലെന്നായിരുന്നു മമത കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ” ഞാൻ അവരുടെ കുടുംബത്തിന് പണം നൽകാമെന്ന് പറഞ്ഞിട്ടില്ല. ഇത്തരം ആരോപണങ്ങൾ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് പുറത്ത് വരുന്നത്. മകളുടെ ഓർമ്മയ്‌ക്കായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ സർക്കാർ അവരെ പിന്തുണയ്‌ക്കും എന്ന് മാത്രമാണ് ഡോക്ടറുടെ മാതാപിതാക്കളോട് പറഞ്ഞതെന്നും” മമത പറഞ്ഞു.
കൊല്ലപ്പെട്ട ഡോക്ടറുടെ ബന്ധുവും മമത ബാനർജിയുടെ വാദങ്ങൾ തള്ളി രംഗത്തെത്തി. മമത ബാനർജി നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്ന് ഇവരും ആവർത്തിച്ചു. അതേസമയം ദുർഗാപൂജ അടുക്കുന്ന സാഹചര്യത്തിൽ ജൂനിയർ ഡോക്ടർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം മനുഷ്യത്വരഹിതമാണെന്നും മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ് ഇത്തരമൊരു സംഭവം നടന്നതെങ്കിൽ അവർ ഈ രീതിയിൽ പെരുമാറുമായിരുന്നോ എന്നും അമ്മ ചോദിക്കുന്നു. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും യുവതിയുടെ അമ്മ വ്യക്തമാക്കി.















