മലപ്പുറം: വിവാഹത്തിന് നാല് ദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയിൽ നിന്നാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. കൂനൂരിൽ വച്ച് രണ്ട് തവണ വിഷ്ണുജിത്തിന്റെ മൊബൈൽ ഓണായാതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് കൂനൂർ കേന്ദ്രീകരിച്ച് തമിഴ്നാട് പൊലീസും മലപ്പുറം പൊലീസും നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്.
നിലവിൽ മലപ്പുറത്തെ പൊലീസ് സംഘത്തോടൊപ്പമാണ് വിഷ്ണുജിത്തുള്ളത്. യുവാവിനോട് കൂടുതൽ വിവരങ്ങൾ ചോദിച്ചുവരികയാണെന്ന് മലപ്പുറം എസ് പി പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് യുവാവ് നാടുവിടാൻ കാരണമെന്നാണ് നിഗമനം.
ഈ മാസം നാലിനാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കല്യാണ ആവശ്യത്തിനുള്ള പണത്തിന് വേണ്ടി പോയതായാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതായതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ചുവരുമെന്നും വിഷ്ണുജിത്ത് പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.















