ന്യൂഡൽഹി: മുൻമന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. കേസിൽ ആവശ്യമെങ്കിൽ സിബിഐ അന്വേഷണം വരെ നിർദ്ദേശിക്കാൻ കഴിയുമെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സത്യം കണ്ടെത്തുന്നതിനായി ഏതറ്റം വരെയും പോകുമെന്ന് കോടതി ചൊവ്വാഴ്ച നടന്ന വാദത്തിനിടെ വ്യക്തമാക്കി.
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നുകേസ്. കേസ് ഗുരുതരമാണെന്നും കൃത്രിമം നടന്നിട്ടുണ്ടെന്നും കാട്ടി സംസ്ഥാന സർക്കാർ നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഈ വാദത്തിൽ നിന്നും നിലപാട് മയപ്പെടുത്തിയ നടപടി അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് പുനരന്വേഷിക്കുന്നതിനെതിരെ നൽകിയ ആന്റണി രാജുവിന്റെ ഹർജിയിൻമേലുള്ള വാദം പൂർത്തിയായി.
കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജു തിരുവനന്തപുരം കോടതിയിലെ തൊണ്ടിക്ലർക്കായ ജോസുമായി ചേർന്ന് തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന് 1994 ൽ നടന്ന കേസന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആന്റണി രാജു കുറ്റക്കാരനാണെന്നും പുനരന്വേഷണത്തിനെതിരെ സമർപ്പിച്ച ഹർജി തള്ളണമെന്നുമാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്.