ന്യൂഡൽഹി: വർഷാവസാനത്തോടെ മൂന്ന് സുപ്രധാന കരാറുകൾ പൂർത്തിയാക്കാൻ നാവികസേന. മൂന്ന് പുതിയ അന്തർവാഹിനികൾ, 26 റഫാൽ-മറൈൻ യുദ്ധവിമാനങ്ങൾ, 31 MQ-9B ഡ്രോണുകൾ തുടങ്ങിയവയ്‌ക്കുള്ള കരാറുകളാണ് യാഥാർത്ഥ്യമാകുന്നത്.
മുംബൈയിലെ മസഗാവ് ഡോക്ക്‌യാർഡിൽ നിർമിക്കാനിരുന്ന മൂന്ന് സ്‌കോർപീൻ അന്തർവാഹിനികൾ കൂടി ഉൾപ്പെടുത്തി കടനലിനടിയിലേയും പ്രതിരോധം ശക്തിപ്പെടുത്തും. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡുമായാണ് കരാറിലെത്തിയിരിക്കുന്നത്. ഏകദേശം 40,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ഐഎൻഎസ് വിക്രാന്തിനായി 26 റഫാൽ-എം യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് രണ്ടാമത്തെ കരാർ. ഇതിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് നാവികസേനയുടെ ശ്രമം. ഈ വിമാനങ്ങൾ കൂടി എത്തുന്നതോടെ ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് പൂർണമായ രീതിയിൽ സജ്ജമാക്കാനും സമുദ്ര പ്രതിരോധ മേഖലയിൽ സേനയുടെ ശേഷി വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
അമേരിക്കയിൽ നിന്ന് 31 MQ-9 ഡ്രോണുകൾ വാങ്ങുന്നതിനാണ് നാവികസേനയുടെ മൂന്നാമത്തെ കരാർ. 32,000 കോടി രൂപയുടെ ഈ പ്രോജക്ട് ഒക്ടോബർ 31-നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.