ന്യൂഡൽഹി : പാക് അനുകൂലിയും യുഎസ് കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമറുമായി അമേരിക്കയിൽ വച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കോൺഗ്രസ് പരസ്യമായി തന്നെ രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.
” രാജ്യത്തെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി അമേരിക്കയിൽ വച്ച് പാകിസ്താൻ സ്‌പോൺസർ ചെയ്യുന്ന ഇന്ത്യാ വിരുദ്ധനായ തീവ്ര ഇസ്ലാമികവാദിയും, കശ്മീർ സ്വതന്ത്രമാക്കണമെന്നും അവകാശപ്പെടുന്ന ഇൽഹാൻ ഒമറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. പാക് നേതാക്കൾ പോലും ഇത്തരം ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നതിൽ ഒരു സൂക്ഷ്മത കാണിക്കും. എന്നാലിപ്പോൾ കോൺഗ്രസ് ഇന്ത്യയ്‌ക്കെതിരെ പരസ്യമായി പ്രവർത്തിച്ചിരിക്കുകയാണെന്ന്” അമിത് മാളവ്യ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
സിഖുകാർക്കെതിരെ വിദ്വേഷ പരാമർശങ്ങൾ നടത്തി ഇന്ത്യയെ വിദേശമണ്ണിൽ താഴ്‌ത്തിക്കെട്ടി സംസാരിച്ച ശേഷം രാഹുൽ ഇന്ത്യാ വിരുദ്ധനായ ഇൽഹാൻ ഒമറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല്ല വിമർശിച്ചു. ” യുഎസ് കോൺഗ്രസിൽ ഇന്ത്യാവിരുദ്ധ പ്രമേയങ്ങൾ അവതരിപ്പിച്ചയാളാണ് ഇൽഹാൻ ഒമർ. ഹിന്ദുക്കൾക്കെതിരെ വിദ്വേഷണം വളർത്തുകയും, പാകിസ്താന് വേണ്ടി ഇന്ത്യയെ താറടിച്ച് കാണിക്കുകയും ചെയ്യുന്ന വ്യക്തിയാണത്. എല്ലാ വിദേശ യാത്രകളിലും രാഹുൽ ഇത്തരത്തിൽ തീവ്ര ഇന്ത്യാവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരുമായി കൂടിക്കാഴ്ചകൾ നടത്തുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടാണ് രാഹുലിന്റേതെന്നും” ” ഷെഹ്‌സാദ് വിമർശിച്ചു.















