എറണാകുളം: ലൈംഗാതിക്രമ കേസിൽ സംവിധായകൻ വി കെ പ്രകാശ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി. വി കെ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയാണെങ്കിൽ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് കോടതി അറിയിച്ചു. പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നത് കോടതി നിരീക്ഷിച്ചു. സിനിമ നിർമിക്കാനായി കഥ പറയാനെത്തിയ യുവതിയോട് ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്നും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നുമാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞ് ഇയാൾ നിരന്തരം യുവതിയെ ഫോണിൽ വിളിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിന് ശേഷം 10,000 രൂപ നൽകിയെന്നും ക്ഷമാപണം നടത്തയെന്നും യുവതി ആരോപിച്ചു. ഈ കേസിലാണ് വി കെ പ്രകാശ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ള യുവതിയുടെ ലൈംഗികാരോപണം കെട്ടിച്ചമതച്ചതാണെന്നും യുവതി പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി വി കെ പ്രകാശ് ഡിജിപിയ്‌ക്ക് പരാതി നൽകിയിരുന്നു. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പണം തട്ടാൻ വേണ്ടിയാണ് യുവതി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും വി കെ പ്രകാശ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.