ന്യൂഡൽഹി: യുഎസിൽ പോയി ഇന്ത്യയിലെ സിഖ് വിഭാഗത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് രാഹുലിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിഖ് നേതാക്കൾ. നേതാക്കളുടെ നേതൃത്വത്തിൽ രാഹുലിന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടന്നു. സിഖ് സമുദായത്തെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുൽ മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സ്ത്രീകളുൾപ്പെടെയുള്ള പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കിയും പ്ലക്കാർഡുകളുമേന്തി രാഹുലിന്റ വസതിയായ 10 ജൻപഥിലേക്ക് മാർച്ച് നടത്തുകയായിരുന്നു. വിജ്ഞാൻ ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞു. രാഹുൽ സിഖുകാരെ അപമാനിച്ചുവെന്നും 1984 ലെ സിഖ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഉത്തരവാദികൾ കോൺഗ്രസാണെന്നും പ്രതിഷേധക്കാർ മുദ്ര്യവാക്യം മുഴക്കി.
പ്രതിഷേധത്തിനിടെ ബിജെപി നേതാവ് ആർപി സിംഗിനെയും മറ്റ് സിഖ് നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് നേതാവ് വിദേശത്തുപോയി ഇന്ത്യയെയും സിഖുകാരെയും അപമാനിച്ചുവെന്ന് ആർപി സിംഗ് ആരോപിച്ചു. സിഖുകാർക്ക് ടർബൻ ധരിക്കാനും ഗുരുദ്വാരയിൽ പോകാനും ഇന്ത്യയിൽ സ്വാതന്ത്ര്യമില്ലെന്ന പ്രസ്താവന പിൻവലിച്ച് രാഹുൽ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.