വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുത വരൻ ജെൻസനും വിടവാങ്ങി. ശ്രുതിയും ബന്ധുക്കളുമൊത്ത് സഞ്ചരിക്കവേ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൻ മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. . ബസും വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.
കഴിഞ്ഞ ദിവസം വൈകിട്ടാണ് വെള്ളാരംകുന്നിന് സമീപത്ത് വച്ച് ശ്രുതിയും ജെൻസനും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്. എതിരെ വന്ന ബസ് ഇവരുടെ വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ശ്രുതിയും ജെൻസനും ഉൾപ്പെടെ വാനിലുണ്ടായിരുന്ന ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജെൻസന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻ ഭാഗം മുഴുവൻ തകർന്നു. വാഹനത്തിന്റെ മുൻഭാഗത്തായിരുന്നു ജെൻസൻ ഇരുന്നത്.
ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ ശ്രുതിയുടെ അച്ഛനും അമ്മയും സഹോദരിയും മരിച്ചിരുന്നു. ജെൻസനുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനും ശേഷമാണ് ഈ ദുരന്തമുണ്ടായിരിക്കുന്നത്. ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ ചേർത്തുപിടിച്ചുകൊണ്ട് ജെൻസൻ പറഞ്ഞ വാക്കുകൾ മലയാളികളുടെ കണ്ണുകൾ നനയിച്ചിരുന്നു.