ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് ഒരു വമ്പൻ ആഢംബര വാച്ച് കളക്ഷൻ തന്നെയുണ്ട്. അടുത്തിടെ താരം അണിഞ്ഞൊരു വാച്ചിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. ജോക്കബ് അറബോയാണ് വീഡിയോ പങ്കുവച്ചത്. തിളക്കമേറിയ നൂറുലധികം വജ്രക്കല്ലുകൾ പതിച്ച വാച്ചാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ലക്ഷ്വറി ജ്വല്ലറിയുടെയും വാച്ചുകളുടെയും നിര്‍മ്മാതാക്കളായ ജേക്കബ് ആന്‍ഡ് കമ്പനിയുടെ വാച്ച് ആണ് വീഡിയോയില്‍ സല്‍മാന്‍ ധരിക്കുന്നത്. ജേക്കബ് തന്നെയാണ് ഈ വീഡിയോ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. എന്നാൽ സൽമാൻ ഖാൻ ഈ വാച്ച് സ്വന്തമാക്കിയോ എന്ന കാര്യം വ്യക്തമല്ല.
ബില്യണയര്‍ 3 സിരീസ് വാച്ചിന്റെ സവിശേഷതകൾ അറിയാം
ഇതുവരെ ബില്യണയര്‍ 3 സിരീസിൽ 18 വാച്ചുകൾ മാത്രമാണ് ജേക്കബ് ആന്‍ഡ് കമ്പനി ഡിസൈൻ ചെയ്തിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡേവിഡ് ബെക്കാം തുടങ്ങിയ ചുരുക്കം ആൾക്കാരാണ് ഈ അതുല്യ വാച്ചിന്റെ ഉടമകൾ. ഇന്നര്‍ റിംഗില്‍ മാത്രം 152 വൈറ്റ് എമറാള്‍ഡ് കട്ട് വജ്രങ്ങളാണ് വാച്ചിന്റെ മാറ്റുകൂട്ടുന്നത്. ബ്രേസ്‍ലെറ്റില്‍ 504 വജ്രങ്ങള്‍. മറ്റു ഭാഗങ്ങളിൽ 58 എണ്ണവും ചേർത്ത് ആകെ 714 വജ്രങ്ങളാണ് പതിച്ചിരിക്കുന്നത്. 120 കാരറ്റ് നിലവാരത്തിലുള്ള വാച്ചിന്റെ വില 41.5 കോടിയോളം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്..