ടെൽ അവീവ്: പുതിയ വ്യവസ്ഥകൾ ഒന്നുമില്ലാതെ ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള സന്നദ്ധത അറിയിച്ച് ഹമാസ്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട പ്രസ്താവനയിലാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ നിലവിലെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി, ഈജിപ്ത് ഇന്റലിജൻസ് മേധാവി അബ്ബാസ് കമൽ ഉൾപ്പെടെ ഉള്ളവരെ ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടതായും പ്രസ്താവനയിൽ പറയുന്നു.
മധ്യസ്ഥ ചർച്ചകൾ നടത്തുന്നവരെയാണ് വെടിനിർത്തൽ നടപ്പിലാക്കാനുള്ള സന്നദ്ധത ഹമാസ് അറിയിച്ചത്. കഴിഞ്ഞ 11 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇരുപക്ഷത്ത് നിന്നും പല നിർദ്ദേശങ്ങളും അംഗീകരിക്കാത്തത് മൂലം കരാർ നടപ്പിലാക്കുന്നതും നീണ്ടുപോവുകയായിരുന്നു. ഈജിപ്ത്-ഗാസ അതിർത്തിയിലെ ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ മധ്യസ്ഥ ചർച്ചകളിൽ ഉയർന്ന് വന്നിട്ടുണ്ട്.
നിലവിൽ ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഇവിടം ഹമാസിന് വിട്ടുകൊടുക്കുന്നത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വീണ്ടും കരുത്ത് പകരുന്നതിന് തുല്ല്യമാണെന്ന് ഇസ്രായേൽ ചൂണ്ടിക്കാണിക്കുന്നു. വെടിനിർത്തൽ കരാർ സംബന്ധിച്ച് വരും ദിവസങ്ങളിൽ വ്യക്തത വരുമെന്ന് ചർച്ചകളുടെ ഭാഗമായ സിഐഎ ഡയറക്ടർ വില്യം ബേൺസ് അറിയിച്ചു.















