സിനിമ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രാകുൽ പ്രീത് സിംഗ്. രണ്ടു വലിയ തെലുങ്ക് ചിത്രത്തിൽ നിന്ന് കാരണമൊന്നുമില്ലാതെ തന്നെ പുറത്താക്കിയെന്ന് നടി വെളിപ്പെടുത്തി. രൺവീർ അല്ലാഹ്ബാദിയയുടെ പോഡ്കാസ്റ്റിലായിരുന്നു നടിയുടെ തുറന്നു പറച്ചിൽ. 2009 ൽ കന്നഡയിലൂടെയാണ് നടി അരങ്ങേറുന്നത്. ബോളിവുഡിൽ എത്തും മുൻപ് ചില തമിഴ് തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിരുന്നു. 2013ൽ യാരിയാനിലൂടെയാണ് രാകുലിന്റെ ബോളിവുഡ് അരങ്ങേറ്റം.
“നാലു ദിവസം ഷൂട്ട് ചെയ്ത ശേഷം എന്നെ ഒരു പ്രഭാസ് ചിത്രത്തിൽ നിന്ന് പുറത്താക്കി. അത് എന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. വലിയൊരു സിനിമയായിരുന്നു. ഒരു പുതുമുഖത്തേക്കാളും ജനപ്രീതിയുള്ള നടി അഭിനയിക്കുന്നതാകും നല്ലതെന്ന് നിർമാതാവിന് തോന്നിക്കാണും. എന്നെ ഒന്ന് അറിയിക്കുക പോലും ചെയ്യാതെയാണ് പുറത്താക്കിയത്. ഒരു ഷെഡ്യൂൾ പൂർത്തിയാക്കി ഡൽഹിയിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. പിന്നെ ഞാൻ എന്തോ ആകട്ടെയെന്ന് വിചാരിച്ച് മുന്നോട്ട് പോയി”.
“അതേ കാര്യം മൂന്ന് മാസത്തിന് ശേഷം വീണ്ടും സംഭവിച്ചു. പക്ഷേ ആ സിനിമ ഞാൻ സൈൻ ചെയ്തിട്ടേയുണ്ടായിരുന്നുള്ളൂ. പിന്നീട് ഞാൻ അറിഞ്ഞു എനിക്ക് പകരം മറ്റൊരാളെ കാസ്റ്റ് ചെയ്തൂയെന്ന്. രണ്ടു സിനിമയും വലുതായിരുന്നു. ഇത് അടിക്കടി സംഭവിക്കുമ്പോൾ ആ നടിക്ക് എന്തോ പ്രശ്നമുണ്ടെന്ന് ചലച്ചിത്ര മേഖലയിൽ ഒരു സംസാരമുണ്ടാകും. അപ്പോഴേക്കും എനിക്ക് മനസിലായി എനിക്ക് വലിയൊരു സിനിമയിൽ അരങ്ങേറാൻ സാധിക്കില്ലെന്ന്. എന്റെ വഴിക്ക് കഠിനാദ്ധ്വാനം ചെയ്യാൻ ഞാൻ തയാറായിരുന്നു”.—— രാകുൽ പറഞ്ഞു.