വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട് അനാഥയായി നിന്ന ശ്രുതിയെ ചേർത്തുപിടിച്ച ജെൻസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനേക്കാളും അപ്പുറമാണെന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
സഹനത്തിനും മുകളിൽ അപാരമായൊരു ശക്തി ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും ലഭിക്കട്ടെയെന്നും മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. മനുഷ്യമനഃസാക്ഷിയെ മുഴുവൻ സങ്കടക്കടലിലാക്കിയാണ് ജെൻസൻ ഈ ഭൂമിയിൽ നിന്ന് വിടവാങ്ങിയത്.
അച്ഛനെയും അമ്മയെയും ഉരുളെടുത്തപ്പോൾ ശ്രുതിയുടെ കരങ്ങളിൽ പിടിച്ചുകൊണ്ട് ജെൻസൻ പറഞ്ഞ വാക്കുകൾ നൊമ്പരമായി അവശേഷിക്കുകയാണ്. “ഞാൻ ഇല്ലാതായാൽ ഇവൾക്കാരുണ്ട് എന്നോർക്കുമ്പോഴാണ് എന്റെ പേടി, അങ്ങനെ സംഭവിച്ചാൽ അവൾ തനിച്ചായി പോകരുത്, ഒരു ജോലി ഉണ്ടെങ്കിൽ അവൾക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കാം.. എനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് അവൾക്ക് വേണ്ടി ഇത് ചെയ്തുകൊടുക്കണം എന്നാണ് എന്റെ ആഗ്രഹം”ഇതായിരുന്നു ജെൻസന്റെ വാക്കുകൾ.