ബെംഗളൂരു മെട്രോയെ തമിഴ്നാട്ടിലെ വ്യാവസായിക നഗരമായ ഹൊസൂറുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി നിർദ്ദേശം കർണാടകയിൽ പുതിയ വിവാദത്തിന് കാരണമാകുന്നു. തമിഴ്നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതൽ കുടിയേറ്റമുണ്ടാകുമെന്ന് ആരോപിച്ച് നിരവധി കന്നഡ ഗ്രൂപ്പുകൾ ഈ നീക്കത്തെ എതിർത്തു രംഗത്തു വന്നു.
അതെ സമയം ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് കർണാടകയിലെ ബൊമ്മസാന്ദ്രയെ തമിഴ്നാട്ടിലെ ഹൊസൂറുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതാ റിപ്പോർട്ടുമായി മുന്നോട്ട് പോകുകയാണ്. നടപ്പിലാക്കിയാൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർസംസ്ഥാന മെട്രോയാകുമിത്. തമിഴ്നാട്ടിൽ 11 കിലോമീറ്ററും കർണാടകയിൽ 12 കിലോമീറ്ററും ഉള്ള ഈ മെട്രോ ലൈനിന്റെ ദൈർഘ്യം 23 കിലോമീറ്റർ ആണ് . ഇതിൽ 12 മെട്രോ സ്റ്റേഷനുകളും ഒരു ഡിപ്പോയും ഉണ്ട്.
കർണാടക സംരക്ഷണ വേദികെ ഈ പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി രംഗത്തു വന്നു കഴിഞ്ഞു. തമിഴ്നാട് നടത്തിയ പ്രീ-സാധ്യതാ പഠനത്തിന് അനുമതി നൽകിയതിന് ശേഷം കർണാടക സർക്കാർ ഇപ്പോൾ പദ്ധതിയിൽ താത്പര്യം കാണിക്കുന്നില്ല.
ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം പ്രഖ്യാപിച്ചതിനു പിന്നാലെ തമിഴ്നാട് സർക്കാരും ഹൊസൂരിൽ വിമാനത്താവളം പ്രഖ്യാപിച്ചിരുന്നു. ഹൊസൂർ വിമാനത്താവളം യാഥാർത്ഥ്യമായാൽ, ഐടി ബെൽറ്റിൽ നിന്നും , ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെയുള്ള തെക്കൻ ബെംഗളൂരുവിൽ നിന്നുമുള്ള യാത്രക്കാരെ ആകർഷിക്കാൻ സാധ്യതയുണ്ട്.