ന്യൂഡൽഹി: പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽവേട്ട നടത്തി തിരിച്ചെത്തിയ അഭിമാന താരങ്ങളുമായി സവംദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഓരോരുത്തരുടെയും അനുഭവങ്ങൾ ശ്രദ്ധയോടെ കേട്ട പ്രധാനമന്ത്രി താരങ്ങൾ നൽകിയ സമ്മാനങ്ങളും സ്വീകരിച്ചു. ഒരു മണിക്കൂറിലധികം പ്രധാനമന്ത്രി ഇവരുമായി സംവദിച്ചു.
29 മെഡലുകളാണ് ഇന്ത്യ ഇക്കുറി പാരാലിമ്പിക്‌സിൽ സ്വന്തമാക്കിയത്. 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിൽ നേടിയ 19 മെഡലുകളെന്ന നേട്ടമാണ് താരങ്ങൾ പഴങ്കഥയാക്കിയത്. ഏഴ് സ്വർണവും ഒൻപത് വെളളിയും 13 വെങ്കല മെഡലുകളുമാണ് ഇന്ത്യൻ ടീം നേടിയത്.
സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്‌ക്ക് കളമൊരുക്കിയത്. കേന്ദ്ര യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ, ഇന്ത്യയുടെ പാരാലിമ്പിക് കമ്മിറ്റി മേധാവി ദേവേന്ദ്ര ജജാരിയയും ഒപ്പമുണ്ടായിരുന്നു.
ഓരോരുത്തരോടും അവരുടെ മത്സര അനുഭവങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി താരങ്ങളുടെ ജീവിതക്ഷേമവും അന്വേഷിച്ചറിഞ്ഞു. മെഡൽ നേടിയ താരങ്ങൾക്ക് നേരത്തെ കായികമന്ത്രാലയം ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിരുന്നു. സ്വർണമെഡൽ നേടിയ താരങ്ങൾക്ക് 75 ലക്ഷവും വെളളി മെഡൽ നേടിയവർക്ക് 50 ലക്ഷവും വെങ്കല മെഡൽ നേടിയവർക്ക് 30 ലക്ഷവുമാണ് കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രഖ്യാപിച്ചത്.
തുടർച്ചയായ രണ്ടാം പാരാലിമ്പിക്‌സിലും 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ സ്വർണം നേടിയ അവനി ലെഖാര, പാരാലിമ്പിക്‌സ് ജൂഡോയിൽ വെങ്കലം സ്വന്തമാക്കി രാജ്യത്തിന് ഈ വിഭാഗത്തിൽ ആദ്യ മെഡൽ സമ്മാനിച്ച കപിൽ പാർമർ, അമ്പെയ്‌ത്ത് താരം ശീതൾ ദേവി ഉൾപ്പെടെയുളളവർ പ്രധാനമന്ത്രിയെ കാണാൻ എത്തിയിരുന്നു. കാലുകൾ കൊണ്ട് അമ്പെയ്ത ശീതൾ ദേവി അതേ കാലുകൾ കൊണ്ട് ഒപ്പുവെച്ച ടീഷർട്ടും അദ്ദേഹത്തിന് സമ്മാനിച്ചു.